മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജിൽ പഠനം പൂർത്തിയാക്കിയശേഷം മെഡിസിൻ വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്ന നഴ്സ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഇടുക്കി സ്വദേശിനിയായ ദിവ്യ വി. സണ്ണി (23) ആണ് ഇന്നുരാവിലെ മരിച്ചത്. വാട്ടർ കണക്ഷൻ ശരിയാക്കാനായി രാവിലെ ഒന്പതോടെ ഹോസ്റ്റൽ കെട്ടിടത്തിലെത്തിയ പ്ലംബിംഗ് ജീവനക്കാരാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മെഡിക്കൽ കോളജ് പോലീസ് ഔട്ട് പോസ്റ്റിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി നടപടികൾ സ്വീകരിച്ചു. നഴ്സിംഗ് പഠനത്തിനുശേഷം ഒരുവർഷമായി മെഡിക്കൽ കോളജിൽ ജോലി ചെയ്തുവരികയായിരുന്നു യുവതി.
നഴ്സിംഗ് പരീക്ഷയിൽ ഒരു പരീക്ഷയുടെ റിസൽട്ട് പ്രസിദ്ധീകരിച്ചതിൽ അരമാർക്കിന് യുവതി തോറ്റിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് യുവതി ജീവനൊടുക്കിയതെന്ന് കരുതുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.