സെബി മാത്യു
ന്യൂഡൽഹി: നഴ്സിംഗ്, ഡെന്റൽ വിദ്യാർഥികൾക്കു ലാറ്ററൽ എൻട്രിയിലൂടെ മെഡിക്കൽ പ്രവേശനത്തിനു വഴിയൊരുങ്ങുന്നു. നഴ്സിംഗ്, ഡന്റൽ ബിരുദ പഠനത്തിൽ രണ്ടു വർഷം പൂർത്തിയാക്കിയവർക്ക് നീറ്റ് എഴുതി യോഗ്യത നേടിയാൽ എംബിബിഎസ് മൂന്നാം വർഷത്തിലേക്കു പ്രവേശനം ലഭിക്കുന്നതാണ് പുതിയ രീതി.
ഇതിനു പുറമേ മെഡിക്കൽ ബിരുദധാരികൾക്ക് പൊതുവായി അവസാനവർഷ പരീക്ഷ (എക്സിറ്റ് എക്സാം) നടത്തണമെന്നും നിർദേശിക്കുന്നു. എക്സിറ്റ് എക്സാമിന്റെ സ്കോർ പിജി പ്രവേശനത്തിനുള്ള മാനദണ്ഡമാക്കണം.
അടിയന്തരമായി എക്സിറ്റ് എക്സാം നടപ്പാക്കണമെന്നാണ് റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ മുന്നിലുള്ള കരട് വിദ്യാഭ്യാസ നയത്തിലാണു മെഡിക്കൽ വിദ്യാഭ്യാസ രംഗത്തു സമഗ്ര മാറ്റങ്ങൾക്കായുള്ള നിർദേശങ്ങൾ ഉള്ളത്.
എംബിബിഎസ് പഠനം ആകെ അഞ്ചു വർഷമായി ചിട്ടപ്പെടുത്തണം. ഇതിൽ ആദ്യ രണ്ടു വർഷങ്ങൾ ശാസ്ത്ര ബിരുദധാരികൾക്ക് അടിസ്ഥാന കോഴ്സായും, ശേഷിക്കുന്ന മൂന്നു വർഷം എംബിബിഎസിലേക്ക് മാറേണ്ടവർക്കു അത്തരത്തിലും നഴ്സിംഗ്, ബിഡിഎസ് കോഴ്സുകളിലേക്കു മാറേണ്ടവർക്ക് അങ്ങനെയും മാറാൻ അവസരം നൽകണമെന്നാണ് റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെയാണ് നഴ്സിംഗ്, ബിഡിഎസ് വിഭാഗങ്ങളിലേക്ക് മാറിയവർക്കു ലാറ്ററൽ എൻട്രിയിലൂടെ എംഎബിബിഎസിലേക്ക് പ്രവേശനം നൽകാമെന്നും നിർദേശമുള്ളത്. നഴ്സിംഗ്, ഡെന്റൽ വിദ്യാർഥികൾക്ക് ലാറ്ററൽ എൻട്രിയിലൂടെ മെഡിക്കൽ പ്രവേശനം നൽകുന്പോൾ എൻട്രൻസ് എന്ന കടന്പ ഒഴിവാക്കാനാകില്ലെന്നാണ് കരട് നയത്തിന്റെ ഭാഗമായിരുന്ന ഡോ. ദേവി പ്രസാദ് ഷെട്ടി പറഞ്ഞത്.
ലാറ്ററൽ എൻട്രി എന്നാൽ ഈ രണ്ടു വിഭാഗത്തിലുള്ളവർക്ക് എംബിബിഎസിലേക്കുള്ള എളുപ്പവഴി എടുത്തുചാട്ടമാകില്ല. എംബിബിഎസ് പ്രവേശനം ആഗ്രഹിക്കുന്ന നഴ്സിംഗ്, ഡെന്റൽ വിദ്യാർഥികൾ നിർബന്ധമായും നീറ്റ് പരീക്ഷ പാസായിരിക്കണം.
നഴ്സിംഗ് പഠനം രണ്ടു വർഷം പൂർത്തിയാക്കിയ ഒരു വിദ്യാർഥി എംബിബിഎസിനു ചേരണമെങ്കിൽ നീറ്റ് പാസായശേഷം മൂന്നാം വർഷ എംബിബിഎസിന് ചേരുകയാണ് വേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. മെഡിക്കൽ വിദ്യാഭ്യാസരംഗത്തെ സമഗ്രമാറ്റങ്ങൾക്കും പരിഷ്കരണങ്ങൾക്കുമുള്ള സുപ്രധാന നിർദേശങ്ങൾ കസ്തൂരിരംഗൻ സമിതിക്കു നൽകിയത് ഡോ. ദേവിപ്രസാദ് ഷെട്ടി, ഡോ. അലക്സ് തോമസ് എന്നിവരാണ്.