മുളങ്കുന്നത്തകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിത നഴ്സിംഗ് അസിസ്റ്റന്റുമാർക്ക് അനുവദിച്ച ചുരിദാറും ഓവർകോട്ടും നൽകാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും അത് പാലിക്കപെടാൻ അധികൃതർ ഇതു വരെ തയ്യാറായിട്ടില്ല. അതെ സമയം ജില്ലയിലെ വടക്കാഞ്ചരി ജില്ലാ ആശുപത്രിയിലും കോർപറേഷൻ ജനറൽ ആശുപത്രിയിലും ഈ പദ്ധതി നടപ്പിലാക്കിയിട്ട് മാസങ്ങളായി.
വിവിധ ക്ലീനിംഗ് ജോലികൾ, ട്രോളികളും സ്ട്രച്ചറുകളും തള്ളി കൊണ്ടുപോകുന്പോഴും ഗ്ലൂക്കോസ് കുപ്പികൾ രോഗികൾക്ക് നൽകുന്പോഴും സ്ത്രീ സുരക്ഷ കണക്കിലെടുത്താണ് ചുരിദാറും ഓവർകോട്ടും നൽകണമെന്ന് കോടതി ഉത്തരവിട്ടത്്. ഇത് നടപ്പിലാക്കാൻ ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകുകയും ചെയ്തു.
എന്നാൽ നാളിത് വരെയായി ഇത് പ്രാവർത്തികമാക്കാൻ ആരോഗ്യ വകുപ്പ് തയ്യാറകാത്തതിനു കാരണം ജീവനക്കാരുടെ തന്നെ സംഘടനകൾ ആണെന്നും ആരോപണമുണ്ട്. പച്ച ചുരിദാറും മെറുണ് ഓവർകോട്ടുമാണ് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ അനുവദിച്ചത്.
ഇത് അംഗീകരിക്കാൻ നിർവാഹമില്ലെന്നാണ്് നഴ്സിംഗ് അസിസ്റ്റന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. ഡോകടർമാർക്കും, നഴ്സുമാർക്കും, ലാബ്, എക്സ്റേ, സ്കാൻ, രക്തബാങ്ക് അടക്കം വിവിധ വിഭാഗങ്ങളിൽ ടെക്നീഷ്യൻമാർക്കും എംബിബിഎസ്, മെസിസിൻ, പാരമെഡിക്കൽ, ദന്തൽ തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദ്യാർഥികളും വെള്ള കോട്ടാണ് ധരിക്കുന്നത്.
ആ വകുപ്പിൽ തന്നെ സേവനം അനഷ്ഠിക്കുന്ന ജീവനക്കാർ വെള്ള കോട്ട് ധരിക്കാൻ പാടില്ലെന്നുള്ള ഉയർന്ന റാങ്കിൽ ജോലി ചെയ്യുന്നവരുടെ സർവീസ് സംഘടനകളുടെ പിടി വാശിയാണ് വെളള കോട്ട് നഴസിംഗ് അസിസ്റ്റന്റുമാർക്ക് അനുവദിക്കാൻ തടസമായത്. ഒരേ വകുപ്പിൽ സേവനം അനുഷ്ഠിക്കുന്ന ഇവർക്കുനേരെ നടക്കുന്ന അയിത്തം അംഗീകരിക്കാൻ കഴിയില്ലെന്നാണ് ലാസറ്റ് ഗ്രേഡ് ജീവനക്കാരുടെ പ്രതിനിധികൾ പറയുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി വെളള കോട്ട് തന്നെ എല്ലാവർക്കും അനുവദിക്കണമെന്നും ജീവനക്കാരെ തിരിച്ചറിയുന്നതിനെ വേണ്ടി കോട്ടിൽ പ്രത്യേക എംബ്ലം വച്ചാൽ മതിയെന്നും കാണിച്ച് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനുള്ള ശ്രമത്തിലാണ് നഴസിംഗ് അസിസ്റ്റന്റുമാരുടെ സംഘടന.