ബർലിൻ: ജർമൻ ഭാഷയിൽ ബി2 ലെവൽ സർട്ടിഫിക്കറ്റ് നേടിയ നഴ്സാണോ? ഇതാ ജർമനി നിങ്ങൾക്കായി വാതിൽ തുറക്കുന്നു. രാജ്യത്തെ നഴ്സുമാരുടെ ക്ഷാമം നികത്താനുള്ള ആംഗല മെർക്കൽ ഭരണകൂടത്തിന്റെ പദ്ധതിക്കു ഭരണമുന്നണി പച്ചക്കൊടി കാണിച്ചതോടെയാണു നഴ്സുമാർക്ക് അവസരമൊരുങ്ങുന്നത്.
ഇന്ത്യക്കാർക്കും പ്രത്യേകിച്ചു മലയാളികൾക്കും വലിയ അവസരമാണ് ജർമനി തുറക്കുന്നത്. ആദ്യഘട്ടത്തിൽത്തന്നെ എണ്ണായിരത്തോളം നഴ്സുമാരെ നിയമിക്കാനാണു പദ്ധതി. ഇതു സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം മെർക്കൽ തന്നെ നടത്തിയിരുന്നു.
യോഗ്യത
നിലവിൽ ജർമൻ ഭാഷയിൽ ബി 2 ലെവൽ സർട്ടിഫിക്കറ്റ് നേടിയവർക്കാണു തൊഴിൽ അവസരം. ബി 2 ലെവൽ പാസായവർ എത്രയും വേഗം ജർമനിയിലേക്കുള്ള വീസയ്ക്കും വർക്ക് പെർമിറ്റിനുമായി ഇന്ത്യയിലെ ജർമൻ എംബസിയുമായോ കോണ്‍സുലേറ്റുമായോ നേരിട്ടു ബന്ധപ്പെടണം. ഇതുവഴി കാര്യങ്ങൾ കൂടുതൽ എളുപ്പമാകും.
ഏജൻസികളില്ല
ഈ നഴ്സിംഗ് റിക്രൂട്ട്മെന്റിനു വേണ്ടി ഒരു രാജ്യത്തും ഒരു ഏജൻസിയെയും ജർമൻ സർക്കാർ നിയോഗിച്ചിട്ടില്ല. റിക്രൂട്ട്മെന്റിന്റെ മറവിൽ വ്യാജഏജൻസികളുടെ പ്രലോഭനത്തിൽ വീണ് സാന്പത്തികനഷ്ടം വരാതിരിക്കാൻ ശ്രദ്ധിക്കണം. കാര്യങ്ങൾക്ക് ജർമൻ എംബസിയുമായോ കോൺസുലേറ്റുമായോ നേരിട്ടുതന്നെ ബന്ധപ്പെടുക.
അന്‍പതിനായിരം ഒഴിവ്
ജർമനിയിൽ നിലവിൽ 50,000 നഴ്സിംഗ് തസ്തികകളാണ് അടിയന്തരമായി നികത്തപ്പെടേണ്ടത്. എന്നാൽ, പ്രാഥമികമായി 8,000 പേരെ റിക്രൂട്ട് ചെയ്യാനാണ് സർക്കാരിന്റെ പദ്ധതി. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ ജർമനിയാണ് നഴ്സിംഗ് മേഖലയിൽ ഏറ്റവും കുറഞ്ഞ വേതനം നൽകുന്നത്. ഇതിനെതിരേ മുൻ കാലങ്ങളിൽ സമരങ്ങൾ നടന്നുവെങ്കിലും കാര്യമായ നേട്ടങ്ങളൊന്നും നഴ്സുമാർക്കു ലഭിച്ചിട്ടില്ല. എന്നാൽ, മെർക്കലിന്റെ പുതിയ സർക്കാർ നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകളിൽ മാറ്റം വരുത്തുമെന്നും ആരോഗ്യമേഖല ഉടച്ചുവാർക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പിന്നീടു പ്രഖ്യാപനങ്ങളുണ്ടാകുമെന്ന അറിയിപ്പ് പ്രതീക്ഷ നൽകുന്നതാണ്. റൈൻലാൻഡ്ഫാൽസ് മുഖ്യമന്ത്രി മാലു ഡ്രെയർ, ജർമൻ ആരോഗ്യമന്ത്രി ഹെർമാൻ ഗ്രോഹെ എന്നിവരാണ് പുതിയ ആശയങ്ങൾ മുന്നോട്ടുവച്ചതും മുന്നണി അംഗീകരിച്ചതും.
വേതനം
സേവന വേതന വ്യവസ്ഥയിലെ പോരായ്മയാണു നഴ്സിംഗ് മേഖലയിൽനിന്നു ജർമൻകാരെ അകറ്റിയത്. അതാവട്ടെ രാജ്യത്തു നഴ്സുമാരുടെ ദൗർലഭ്യം സൃഷ്ടിക്കുകയും ചെയ്തു. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ചു ജർമനിയിലെ നഴ്സുമാർക്കു ജോലി ഭാരവും വളരെ കൂടുതലായിരുന്നു. ആരോഗ്യമേഖലയെ ഉടച്ചുവാർക്കാനുള്ള പുതിയ നീക്കത്തിലൂടെ ഇതിനൊക്കെ മാറ്റം വരുമെന്നാണ് കരുതുന്നത്. ഈ വർഷം മുതൽ ജർമനിയിലെ നഴ്സിംഗ് പഠനം ഏകീകരിക്കുകയും പഠനകാലത്തെ സ്റ്റൈപ്പന്റ് കൂട്ടുകയും ചെയ്തത് ഇതിന്റെ തുടക്കമാണെന്നു പറയാം.
2013 നവംബറിൽ ജർമനി ലോക രാജ്യങ്ങളിൽനിന്നുള്ള നഴ്സുമാർക്കു കുടിയേറാനുള്ള അവസരത്തിനായി വാതിൽ തുറന്നിരുന്നു. അന്നത്തെ നോട്ടിഫിക്കേഷനിൽ ഇന്ത്യയും ഉൾപ്പെട്ടിരുന്നു(ഇക്കാര്യം ദീപിക വിശദമായി 2.12.2013ൽ റിപ്പോർട്ട് ചെയ്തിരുന്നു.) ഇതിന്റെ ചുവടുപിടിച്ചു ജർമനിയിലേക്ക് ഒട്ടനവധി മലയാളികൾ ജോലിക്കെത്തി. ഇതിന്റെ തുടർച്ചയായിട്ടാണ് പുതിയ അവസരമെത്തുന്നത്.
ജർമനിയിൽ വിദേശ നേഴ്സുമാർക്കു തൊഴിൽ അവസരങ്ങൾ ഒരുക്കിക്കൊണ്ട് ഹെസൻ സംസ്ഥാനത്തു പുതിയ നിയമം കഴിഞ്ഞ വർഷം അവസാനത്തിൽ പ്രാബല്യത്തിൽ വന്ന വാർത്തയും (20.12.2017) ദീപിക റിപ്പോർട്ടു ചെയ്തിരുന്നു. ജർമൻ ഭാഷാ ലെവൽ ബി വണ്‍ പാസായ വിദേശ നഴ്സുമാക്ക് ഈ സംസ്ഥാനത്തു മാത്രമായി തൊഴിൽ ലഭിക്കാനുള്ള പദ്ധതിയായിരുന്നു അതിൽ വിശദമാക്കിയിരുന്നത്. ജർമനിയിലേക്കു കുടിയേറാൻ താത്പര്യമുള്ള നഴ്സുമാർ ജർമൻ ഭാഷയിൽ പ്രാവീണ്യം നേടുകയാണ് അടിയന്തരമായി ചെയ്യേണ്ടത്.
ജോസ് കുന്പിളുവേലിൽ