ഏച്ചൂർ: മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ കുളത്തിൽ മുങ്ങി മരിച്ച അച്ഛനും മകനും നാട് നിറമിഴികളോടെ വിടനൽകി.
ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.പി. ഷാജി (50), മകൻ ജോതിരാദിത്യ (15) എന്നിവരാണ് വ്യാഴാഴ്ച ഇവരുടെ തറവാട് വീടിനടുത്തുള്ള ഏച്ചൂർ പന്നിയോട്ട് കരിയിൽ കുളത്തിൽ മുങ്ങി മരിച്ചത്.
ഇന്നലെ രാവിലെ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം ഏച്ചൂരിലെ തറവാട് വീട്ടിലും ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് ബാങ്ക് പരിസരത്തും ചേലോറയിലും വീട്ടിലും പൊതുദർശനത്തിന് വച്ചപ്പോൾ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അന്തിമോപചാരം അർപ്പിച്ചു.
തുടർന്ന് പയ്യാന്പലത്ത് സംസ്കരിച്ചു. ഭർത്താവിന്റെയും മകന്റെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ വേർപാട് താങ്ങാനാകാതെ അലമുറയിട്ട ഷംനയെയും ദന്പതികളുടെ മറ്റൊരു മകൻ ജഗദ് വിദ്യാഖിനെയും ആശ്വസിപ്പിക്കാനാതെ പ്രിയപ്പെട്ടവർ കുഴങ്ങി.
ജോബിയയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി
ഏറ്റുപാറ: തളിപ്പറമ്പ് കുറ്റിക്കോലിലുണ്ടായ ബസപകടത്തിൽ മരിച്ച നഴ്സ് ജോബിയ ജോസഫിന് നാട്ടുകാരുടെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ ഏറ്റുപാറയിലെത്തിച്ച മൃതദേഹം ഭർത്താവ് നിധിൻ ചക്കാങ്കലിന്റെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ ബന്ധുക്കളും പരിസരവാസികളുമായ നിരവധിയാളുകൾ ആദരാഞ്ജലിയർപ്പിച്ചു.
ചെമ്പേരിയിലെ വ്യാപാരികൾ റീത്ത് സമർപ്പിച്ചു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ,
മെംബർമാർ, പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, സോണി സെബാസ്റ്റ്യൻ, ചെമ്പേരി ഫൊറോന വികാരി റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്,
ഫാ.ജെയിംസ് ചെല്ലങ്കോട്ട് എന്നിവർ അനുശോചനമറിയിച്ചു. വൈകുന്നേരം അഞ്ചിന് ഏറ്റുപാറ സെന്റ് അൽഫോൻസ പള്ളിയിൽ സംസ്കാരം നടത്തി.