പയ്യന്നൂർ: മക്കളെ അയൽവീട്ടിലാക്കി ജോലിക്ക് പോയ35 കാരിയായ നഴ്സ് മൂന്നു ദിവസമായിട്ടും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് നാട്ടുകാരുടെ പരാതിയിൽ കുട്ടികൾക്ക് പോലീസ് സംരക്ഷണ മേർപ്പെടുത്തി. മാതമംഗലം കുറ്റൂർ പൂത്തൂരിലാണ് സംഭവം. ഗൾഫിൽ ജോലിയുള്ള ഭർത്താവിൽ നിന്നും വിവാഹമോചനം നേടാൻ കോടതി നടപടികൾ കാത്തിരിക്കുന്ന പരിയാരം മെഡിക്കൽ കോളേജിലെ ഹൃദയാലയത്തിലെ നഴ്സാണ് മക്കളെ ‘മറന്നുപോയത് ‘.
മൂന്നു ദിവസം മുമ്പ് അയൽ വീട്ടിൽ 12 ഉം 13 ഉം പ്രായമുള്ള രണ്ട് ആൺമക്കളേയും കൊണ്ടുചെന്നാക്കി ജോലിക്ക് പോയ നഴ്സ് ഇന്നലെ രാത്രിയായിട്ടും തിരിച്ചെത്തിയില്ല. രാവും പകലും ഡ്യൂട്ടിയാണെന്നാണ് വിളിച്ചനാട്ടുകാരോട് നഴ്സ് പറഞ്ഞതെങ്കിലും കഴിഞ്ഞ രണ്ടു ദിവസവും രാത്രിയിൽ ഇവർക്ക് ആശുപത്രിയിൽ ഡ്യൂട്ടിയുണ്ടായിരുന്നില്ല എന്ന് മനസിലാക്കിയ നാട്ടുകാർ ചൈൽഡ് ലൈനിനെ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പരിയാരം പോലീസിൽ ബന്ധപ്പെട്ടതിനെ തുടർന്ന് പോലീസിന്റെ സംരക്ഷണത്തിൽ കുട്ടികളെ മറ്റൊരു വീട്ടിൽ താമസിപ്പിച്ചിരിക്കുകയാണ്.