വൈക്കം:രണ്ടു വയസുകാരിയുടെ കാലിലെ പ്ലാസ്റ്റര്‍ പകുതി എടുത്തപ്പോള്‍ ഡ്യൂട്ടി സമയം കഴിഞ്ഞെന്നു പറഞ്ഞ് ജീവനക്കാരി സ്ഥലംവിട്ടു. ഒരു മണിക്കൂറിനുശേഷം മറ്റൊരു ജീവനക്കാരനെത്തിയാണ് ബാക്കിയുള്ള പ്ലാസ്റ്റര്‍ നീക്കിയത്. വൈക്കം താലൂക്കാശുപത്രിയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ടി.വി.പുരം കൈതക്കാട്ടുമുറി വീട്ടില്‍ ഇ.കെ.സുധീഷിന്റെയും ഭാര്യ രാജിയുടെയും രണ്ടുവയസ്സുള്ള മകള്‍ ആര്യയുടെ വലതുകാല്‍ ഒരുമാസം മുമ്പ് ഒടിഞ്ഞു.താലൂക്കാശുപത്രിയിലാണ് ചികിത്സ നടത്തിയത്. സുധീഷും രാജിയും ശാരീരിക വൈകല്യമുള്ളവരാണ്.
ചൊവ്വാഴ്ച വൈകീട്ട് കാലിലെ പ്ലാസ്റ്റര്‍ നീക്കംചെയ്യാന്‍ മാതാപിതാക്കള്‍ കുട്ടിയുമായി താലൂക്കാശുപത്രിയിലെത്തി. ഡോക്ടറുടെ നിര്‍ദേശപ്രകാരം നഴ്സിങ് റൂമില്‍ പ്ലാസ്റ്റര്‍ നീക്കംചെയ്യാന്‍ കൊണ്ടുപോയി. പ്ലാസ്റ്റര്‍ പകുതി നീക്കംചെയ്തപ്പോള്‍ സമയം അഞ്ചുമണിയായി. ഡ്യൂട്ടിസമയം കഴിഞ്ഞെന്നുപറഞ്ഞ് കുട്ടിയെ അവിടെ കിടത്തിയിട്ട് ജീവനക്കാരി മടങ്ങി. ഏറെനേരമായിട്ടും പ്ലാസ്റ്റര്‍ നീക്കം ചെയ്യാന്‍ മറ്റു ജീവനക്കാര്‍ ആരും എത്താത്തതിനെത്തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കള്‍ ആശുപത്രിയിലുണ്ടായിരുന്നവരോട് വിവരം പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയ്ക്കായെത്തിയവരും മറ്റും ബഹളം വെച്ചതോടെ മറ്റൊരു ജീവനക്കാരനെത്തി കുട്ടിയുടെ കാലിലെ പ്ലാസ്റ്റര്‍ നീക്കംചെയ്തു. ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.