സിജോ പൈനാടത്ത്
കൊച്ചി: പിപിഇ കിറ്റ് ധരിച്ച് തുടര്‍ച്ചയായി മണിക്കൂറുകള്‍ നീളുന്ന ജോലി..! രോഗികളുടെ എണ്ണം കൂടിയപ്പോള്‍ ജോലിഭാരം ഇരട്ടിയായി.
അപ്പോഴും വെട്ടിക്കുറച്ച പ്രതിമാസ വേതനം പഴയപടിതന്നെ..! പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ താത്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന നഴ്സുമാര്‍ക്കു വെട്ടിക്കുറച്ച അലവന്‍സുകള്‍ ഇനിയും പുനഃസ്ഥാപിച്ചില്ല.
ജോലിയില്‍ പ്രവേശിക്കുമ്പോഴുള്ള കരാര്‍ പ്രകാരം പ്രതിമാസ വേതനത്തിന്റെ ഭാഗമായി ലഭിക്കേണ്ട വിവിധ അലവന്സുകളാണു നഴ്സുമാര്‍ക്കു നിഷേധിക്കുന്നത്.
കോവിഡ് ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിച്ചു ആദ്യ മൂന്നു മാസങ്ങളില്‍ കരാര്‍ പ്രകാരമുള്ള അലവന്‍സുകള്‍ നല്‍കിയെങ്കിലും, തുടര്‍ന്ന് ഇതുവരെ കിട്ടിയിട്ടില്ലെന്നു നഴ്സുമാര്‍ പറയുന്നു.
സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമേ ആരംഭിച്ചിട്ടുള്ള കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്കു കരാര്‍ അടിസ്ഥാനത്തില്‍ നഴ്സുമാരെ ദേശീയ ആരോഗ്യ ദൗത്യം (എന്‍എച്ച്എം) ആണു നിയമിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച കോവിഡ് ബ്രിഗേഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നഴ്സുമാരില്നിന്നാണു ചികിത്സാ കേന്ദ്രങ്ങളിലേക്ക് ആവശ്യമുള്ളവരെ അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കുന്നത്.
17,000 രൂപ ശമ്പളമായും റിസ്ക് അലവന്‍സ്, ഇൻസന്റീവ് ഉള്‍പ്പടെ വിവിധ ഇനങ്ങളില്‍ 7,250 രൂപയും നഴ്സുമാര്‍ക്കു നല്‍കുമെന്നാണു കരാര്‍. ആകെ വേതനം 24250 രൂപ.
2020 സെപ്റ്റംബറിലാണു കൊച്ചി കലൂരിലെ പിവിഎസില്‍ കോവിഡ് പ്രത്യേക ആശുപത്രി ആരംഭിച്ചത്.
ഇവിടെ ജോലിയില്‍ പ്രവേശിച്ച, മുന്‍പരിചയമുള്ള നഴ്സുമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നവംബര്‍ വരെയാണു പ്രതിമാസ വേതനത്തിലെ അലന്വസുകള് ഉള്‍പ്പടെ മുഴുവന്‍ തുകയും ലഭിച്ചത്.
തുടര്‍ന്ന് ഓരോ മാസവും 17,000 രൂപ മാത്രമാണ് അക്കൗണ്ടിലേക്കെത്തിയതെന്നു നഴ്സുമാരില്‍ ഒരാള്‍ പറഞ്ഞു.
ഇതേക്കുറിച്ചു ചോദിക്കുമ്പോള്‍ ആശുപത്രിയുടെ ചുമതലയിലുള്ളവരില്നിന്നു കൃത്യമായ മറുപടിയില്ലെന്നും നഴ്സ് പറയുന്നു.
അതേസമയം, താത്കാലിക അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിക്കുന്ന നഴ്സുമാര്‍ക്കു ജോലിഭാരം കൂടുതലാണെന്നും ആക്ഷേപമുണ്ട്.
ഐസിയുവിലുള്ള മൂന്നു രോഗികളെ ഒരു നഴ്സ് തന്നെ പരിചരിക്കേണ്ട സ്ഥിതിയുണ്ട്. ഐസിയുവിലെ ഒരു കോവിഡ് രോഗിക്ക് ഒരു നഴ്സ് എന്നതാണു ചട്ടം. കഴിഞ്ഞ മാസങ്ങളില്‍ നിരവധി നഴ്സുമാര്‍ ജോലിയുപേക്ഷിച്ചു പോയിട്ടുണ്ട്.
കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായശേഷം എഫ്എല്ടിസികളിലേക്കും മറ്റുമായി താത്കാലിക നിയമനങ്ങള്‍ക്ക് എന്‍എച്ച്എം നഴ്സുമാരെ തേടുന്നുണ്ടെങ്കിലും ജോലിക്കെത്തുന്നവര്‍ കുറവാണ്.
നൂറു പേരെ വിളിക്കുമ്പോള്‍ രണ്ടോ മൂന്നോ പേര് മാത്രമാണു കോവിഡ് ചികിത്സാകേന്ദ്രങ്ങളിലെ നഴ്സിംഗ് ജോലിക്കു തയാറാകുന്നതെന്നു നിയമനത്തിന്റെ ചുമതലയുള്ള എന്‍എച്ച്എം പ്രതിനിധി പറഞ്ഞു.
നഴ്സുമാരുടെ അലവന്‍സുകള്‍ നിഷേധിക്കുന്നതു സംബന്ധിച്ചു പരിശോധിക്കുമെന്ന് എന്‍എച്ച്എം സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. വി.ആര്. രാജു അറിയിച്ചു.