തിരുവനന്തപുരം: അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ നഴ്സ്മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് പോരാട്ടത്തിന്റെ മുന്നണിയിൽ സ്വന്തം ജീവൻ പണയം വച്ച് പോരാടുന്ന ലോകത്തെമ്പാടുമുള്ള നഴ്സുമാരോട് കേരളത്തിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
20 ലക്ഷത്തോളം നഴ്സുമാരാണ് ഈ കാലയളവിൽ കോവിഡ് ബാധിതരായത്. മൂവായിരത്തിലേറെ പേർ കോവിഡ് ബാധിച്ച് മരിച്ചു. വെല്ലുവിളി മുന്നിലുണ്ടായിട്ടും സമൂഹത്തിന് വേണ്ടി അവർ പ്രവർത്തിക്കുന്നു. കോവിഡ് പ്രതിരോധം മികച്ച രീതിയിൽ നടപ്പാക്കാനായത് ഇതുകൊണ്ടാണ്.
നിപ്പ ആക്രമണത്തിൽ ലിനിക്ക് സ്വന്തം ജീവൻ നൽകേണ്ടി വന്നു. നാടിനായി നഴ്സുമാർ സഹിക്കുന്ന ത്യാഗത്തിന് നന്ദി പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നഴ്സുമാർക്ക് സഹായവും പിന്തുണയും എല്ലാവരുടെയും ഭാഗത്ത് നിന്നുണ്ടാകണം. എ മിഷൻ ഫോർ ഫ്യൂചർ ഹെൽത്ത് കെയർ എന്നതാണ് ഇത്തവണത്തെ സന്ദേശം.
കോവിഡ് മഹാമാരി ലോകത്തെല്ലായിടത്തെയും ആരോഗ്യസംവിധാനത്തിന്റെ ശക്തിയും ദൗർബല്യവും വെളിവാക്കി. അതിൽ വികസിത-വികസ്വര ഭേദമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.