കൊളറാഡോ: ഡെൻവർ മെഡിക്കൽ സെന്ററിൽ 27 വർഷത്തോളം ജോലി ചെയ്തിരുന്ന ലിസി മാത്യുസ് എന്ന മലയാളി നഴ്സിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെതിരെ നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്തു. ഡെൻവർ മെഡിക്കൽ സെന്റർ മാനേജർ കെല്ലി റ്റോറിഡ്, അക്യൂട്ട് നഴ്സിംഗ് ഡയറക്ടർ മാർക്ക് ഫെഡൊ എന്നിവർക്കെതിരെയാണ് കേസ്.
യുഎസ് തെഞ്ഞെടുപ്പിനു മുന്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയോട് ട്രംപ് ജയിക്കുമെന്നും അതിനായി പ്രാർഥിക്കുമെന്നും ലിസി പറഞ്ഞിരുന്നു. ഇതാണ് പിരിച്ചുവിടലിലേക്ക് നയിച്ചത്. സംഭവത്തിനു മൂന്നു ദിവസത്തിനുശേഷം നഴ്സിംഗ് മനേജരിൽ നിന്നും ലഭിച്ച ഫോണ് സന്ദേശത്തിൽ ലിസിയെ പിരിച്ചുവിട്ടതായും ആനുകൂല്യമോ തിരിച്ചെടുക്കലോ ഉണ്ടാകില്ലെന്ന അറിയിപ്പു ലഭിച്ചതായും ഇവർ വ്യക്തമാക്കി.
ലിസിയെ പിരിച്ചുവിട്ട നടപടി വംശീയ വിവേചനമാണെന്നും മുൻകാല പ്രാബല്യത്തോടെ തിരിച്ചെടുക്കണമെന്നും പിരിച്ചുവിട്ടതിനുശേഷമുണ്ടായ മാനസിക നഷ്ടത്തിന് പരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
റിപ്പോർട്ട്: പി.പി.ചെറിയാൻ