കുമരകം: ചൊവ്വാഴ്ച രാത്രി ലണ്ടനിൽനിന്നും കൊച്ചിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യയുടെ ഡ്രീം ലൈനർ വിമാനത്തിൽ നടന്ന പത്തനംതിട്ട സ്വദേശി മരിയ ഫിലിപ്പിന്റെ സുഖപ്രസവത്തിനു തുണയേകിയവരിൽ മുഖ്യ പങ്കുവഹിച്ചത് കുമരകം സ്വദേശിനിയായ നഴ്സ്.
ബെഡ് റെസ്റ്റ് പറഞ്ഞിരുന്ന യാത്രക്കാരിയുടെ മാസം തികയാതെയുള്ള പ്രസവം വിജയകരമായി നടത്താനായതിൽ ഏറെ അഭിമാനിക്കുന്നതായി കുമരകം കദളിക്കാട്ടുമാലിയിൽ കെ. കേശവന്റെ മകൾ പ്രതിഭ പറഞ്ഞു.
ലണ്ടനിൽനിന്നും പുറപ്പെട്ട് ഒന്നര മണിക്കൂറിനുള്ളിൽത്തന്നെ യാത്രക്കാരിയായ മരിയാ ഫിലിപ്പിനു പ്രസവവേദന അനുഭവപ്പെട്ടു.
കാബിൻ ജീവനക്കാരെ വിവരമറിയിച്ചതിനെത്തുടർന്ന് വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടറും ഒരു എംബിബിഎസ് വിദ്യാർഥിയും നാലു നഴ്സുമാരും യുവതിയെ സഹായിക്കാനായെത്തി.
ഇവരിൽ ഒബ്സ്ട്രറ്റിക് തിയറ്റർ പരിചയമുണ്ടായിരുന്നത് പ്രതിഭയ്ക്കു മാത്രമായിരുന്നു. തുടർന്നു യാത്രക്കാരിയുടെ പ്രസവസഹായത്തിനു പ്രതിഭ നേതൃത്വം നൽകി.
വിമാനത്തിൽ താൽക്കാലിക മുറി ഒരുക്കിയായിരുന്നു പ്രസവത്തിന്റെ സജ്ജീകരണം.
യുവതിക്കും തൂക്കം കുറവായിരുന്ന ആണ്കുഞ്ഞിനും അടിയന്തര മെഡിക്കൽ സഹായം ആവശ്യമായതിനാൽ വിമാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ ഇറക്കി.
അവിടെ ഏഴാഴ്ച അമ്മയും കുഞ്ഞും ആശുപത്രിയിൽ കഴിയണമെന്നും പ്രതിഭ പറഞ്ഞു.
വൈദ്യസഹായം നൽകിയ പ്രതിഭ അടക്കമുള്ള മെഡിക്കൽ സംഘത്തിന് കൊച്ചിയിലെത്തിയപ്പോൾ അഭിനന്ദന പ്രവാഹമായിരുന്നു.
നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി മുന്പും പ്രതിഭ ജനശ്രദ്ധ നേടിയിട്ടുണ്ട്.
ലണ്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സാണ് പ്രതിഭ. പിതാവ് കെ. കേശവൻ റിട്ടയേർഡ് അധ്യാപകനാണ്.