വടകര: സിപിഎം നേതൃത്വത്തിലുള്ള വടകര സഹകരണാശുപത്രിയിൽ നഴ്സസ് അസോസിയേഷൻ രൂപീകരിച്ചതിന്റെ പേരിൽ നഴ്സുമാരെ ദ്രോഹിക്കുന്നതായി പരാതി. അസോസിയേഷൻ നേതാക്കളും പ്രവർത്തകരുമായ നാലു പേരെ ജോലി ചെയ്യുന്നത് വിലക്കിയിരിക്കുകയാണ്.
അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് ശാന്തി, ഏരിയാ ജോയിന്റ് സെക്രട്ടറി ജോമോൻ, പ്രവർത്തകരായ പയ്യോളിയിലെ ആര്യ, പാലക്കാട്ട് സ്വദേശി പ്രിയ എന്നിവർക്കാണ് വിലക്ക്. പത്ത് ദിവസം മുന്പാണ് ഇവരോട് ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇത് സംബന്ധിച്ച് രേഖാമൂലമുള്ള ഒരു അറിയിപ്പും ഇവർക്ക് ലഭിച്ചതുമില്ല.
ഓപ്പറേഷൻ തിയറ്ററിൽ ആവശ്യമായ സൗകര്യം ഒരുക്കിയില്ലെന്ന കാരണം പറഞ്ഞ് ഇവർക്ക് ബോധപൂർവം ജോലി നിഷേധിക്കുകയാണെന്നാണ് പരാതി. കേരളത്തിലുടനീളമുള്ള ആശുപത്രികളിൽ നഴ്സസ് അസോസിയേഷൻ രൂപീകരിച്ച അവസരത്തിൽ വടകര സഹകരണാശുപത്രിയിലും സംഘടനക്ക് രൂപം നൽകിയിരുന്നു. അന്നു മുതൽ സംഘടനയുടെ തലപ്പത്തുള്ളവരോട് പ്രത്യേക സമീപനമാണ് മാനേജ്മെന്റിനെന്ന് പരാതി നേരത്തേയുണ്ട്.
സേവന-വേതന വ്യവസ്ഥകൾ പാലിക്കാത്തതിനാൽ സംഘടനയുടെ പ്രവർത്തനം ഈയിടെ ആശുപത്രിയിൽ സജീവമായതോടെ ഇവരോടുള്ള വിദ്വേഷത്തിനു മൂർഛ കൂടി. ഓപ്പറേഷൻ തിയേറ്ററിൽ മതിയായ സൗകര്യം ഒരുക്കിയില്ലെന്ന പേരിൽ അന്നത്തെ ഷിഫ്റ്റിൽ ഇല്ലാതിരുന്ന അസോസിയേഷൻ യൂനിറ്റ് പ്രസിഡന്റ് ശാന്തി ഉൾപെടെയുള്ളവരോട് ജോലിയിൽ കയറേണ്ടതില്ലെന്ന് പറഞ്ഞു.
ഇക്കാര്യം അസോസിയേഷൻ നേതൃത്വം ഏറ്റെടുത്ത് വിഷയം ചർച്ച ചെയ്യാൻ ചെന്നെങ്കിലും മോശമായ രീതിയിലാണ് മാനേജ്മെന്റ് അനുകൂലികൾ പെരുമാറിയത്. ഇവിടെ ഞങ്ങൾ പറയുന്നതാണ് നിയമമെന്നും അനുസരിച്ചില്ലെങ്കിൽ ശരിപ്പെടുത്തുമെന്നും ഭീഷണി മുഴക്കി. സംഘടനാ നേതാവിനെ മുറിയിലിട്ട് ശാരീരികമായി കൈകാര്യം ചെയ്യാൻ പോലും ശ്രമമുണ്ടായി. ഇക്കാര്യം മൊബൈൽ ഫോണിൽ പകർത്തിയപ്പോൾ ശരിപ്പെടുത്തുമെന്നായി ഭീഷണി.
നഴ്സസ് അസോസിയേഷനുമായി സഹകരിക്കരുതെന്ന മാനേജ്മെന്റിന്റെ താക്കീത് തള്ളിക്കൊണ്ട് നൂറിലേറെ പേർ യുഎൻഎയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണ്. ദ്രോഹം തുടരുകയാണെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് നീക്കം. ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് കണ്ടാണ് ഇതിനു തുനിയാത്തതെന്നും പ്രശ്നം മാനേജ്മെന്റ് രമ്യമായി പരിഹരിക്കുമെന്നുമാണ് പ്രതീക്ഷയെന്നും ഇവർ പറഞ്ഞു.
ആശുപത്രിയിലെ വിഷയം സിപിഎമ്മിലും ചൂടുപിടിച്ചിരിക്കുകയാണ്. ജീവനക്കാർക്കു മാന്യമായ വേതനം ആശുപത്രിയിൽ ലഭ്യമല്ലെന്ന പരാതി ശക്തമാണ്. എല്ലാ ജീവനക്കാരേയും ചേർത്ത് കൊണ്ട് സിഐടിയു രംഗത്തുണ്ടെങ്കിലും ഇവരുമായുണ്ടാക്കിയ കരാർ പോലും മാനേജ്മെന്റ് നടപ്പാക്കാറില്ലെന്ന് ആക്ഷേപമുണ്ട്. ഇത് നേടിയെടുക്കാൻ സിഐടിയു സമരത്തിന് തയാറെടുക്കുകയാണ്.
മറ്റ് സ്ഥാപനങ്ങളിൽ ന്യായമായ വേതനം ആവശ്യപ്പെട്ട് സമരം ചെയ്യുന്നവരെ പിന്തുണക്കുന്ന സിപിഎം സ്വന്തം ആശുപത്രിയിൽ ഇക്കാര്യം ആവശ്യപ്പെടുന്നവരോട് മുഖംതിരിഞ്ഞ് നിൽക്കുന്നത് ന്യായമാണോ എന്ന ചോദ്യം ഉയരുകയാണ്. കഴിഞ്ഞ ദിവസം ജീവനക്കാരുടെ യോഗം വിളിച്ച് ചേർത്ത സിപിഎം ഏരിയാ കമ്മിറ്റി അംഗം കൂടിയായ ആശുപത്രി പ്രസിഡന്റ് നഴ്സുമാരുടെ സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്നത് നല്ലതല്ലെന്നു താക്കീത് ചെയ്തതായി പറയുന്നു. ജോലിയിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചതായിരുന്നെങ്കിലും അവരുടെ സംഘടന ഇടപെട്ടത് കൊണ്ട് പി·ാറിയതെന്ന മട്ടിലായിരുന്നു പ്രസിഡന്റിന്റെ വിശദീകരണം.