കോട്ടയം: സഹപ്രവർത്തകരിൽനിന്നും കളവുപറഞ്ഞ് ലക്ഷങ്ങൾ കടം വാങ്ങിയ ശേഷം പണം തിരികെ നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരിക്കെതിരേ പരാതി.
മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നഴ്സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന ഇ.ഡി. ശാന്തകുമാരിക്കെതിരെയാണ് സഹപ്രവർത്തകരും റിട്ടയേർഡ് ഹെഡ്നഴ്സുമാരും പരാതി നൽകിയിരിക്കുന്നത്.
മൂന്നു ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ പലരിൽനിന്നായി ശാന്തകുമാരി കടംവാങ്ങിയെന്നു പറയുന്നു. ഏഴ് ജീവനക്കാരാണ് ആശുപത്രി സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയിരിക്കുന്നത്.
ഒാരോ ദിവസവും പരാതിക്കാരുടെ എണ്ണം വർധിക്കുകയാണ്. മകന് വിദേശത്ത് (യുകെ) പോകാനെന്ന കാരണവും മറ്റു പല ആവശ്യങ്ങളും പറഞ്ഞാണ് ഒരോരുത്തരിൽനിന്നും ഇവർ രഹസ്യമായി പണം വാങ്ങിയത്.
ചിലർക്ക് ഉറപ്പിനായി നൽകിയ ബാങ്ക് ചെക്ക് പണമില്ലാത്തതിനാൽ മടങ്ങി. ചിലർ ശാന്തകുമാരിക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. മറ്റു ചിലർ ഗാന്ധിനഗർ പോലീസിലും പരാതി നൽകി.
ശാന്തകുമാരിയെ പോലീസ് സ്റ്റേഷനിൽ വിളിപ്പിക്കുകയും പണം വാങ്ങിയവർക്ക് മുദ്ര പേപ്പറിൽ കരാർ എഴുതി നൽകുകയും ചെയ്തു. കരാറിലും കള്ളത്തരം കാണിച്ചെന്നും പരാതിക്കാർ പറയുന്നു.
2022 ജനുവരി മാസത്തിൽ സർവീസിൽനിന്നും വിരമിക്കും എന്നിരിക്കേ ഏപ്രിൽ മാസത്തിലാണ് താൻ റിട്ടയർ ചെയ്യുന്നതെന്നും അതിനു മുന്പു പണം നൽകാമെന്നുമാണ് കരാറിൽ പറഞ്ഞിരിക്കുന്നത്.
ഇതിനെ തുടർന്ന് കരാർ ലഭിച്ച ജീവനക്കാരി ശാന്തമ്മയ്ക്കെതിരെ കേസ് ഫയൽ ചെയ്തു. ചിലരിൽനിന്നും പണം നേരിട്ട് വാങ്ങിയപ്പോൾ മറ്റു ചിലരിൽനിന്ന് വീടിന്റെ ആധാരവും സ്വർണവും വാങ്ങി പണയം വച്ചാണ് തട്ടിപ്പു നടത്തിയത്.
മറ്റു ചിലരെക്കൊണ്ട് താൻ അടച്ചു കൊള്ളാം എന്ന ധാരണയിൽ മെഡിക്കൽ കോളജ് എംപ്ലോയീസ് സഹകരണ സംലത്തിൽനിന്നും അഞ്ചു ലക്ഷം രൂപയുടെ വായ്പ എടുപ്പിച്ചിരുന്നു.
ബാങ്കിൽ പണം തിരിച്ചടക്കാതെ വന്നതോടെ പലിശയടക്കം ഏഴര ലക്ഷംവരെയായെന്നു കാണിച്ച് ബാങ്ക് അധികൃതരുടെ നോട്ടീസ് ലഭിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം സഹപ്രവർത്തകർ അറിഞ്ഞത്.
ശാന്തകുമാരിയുടെ റിയൽ എസ്റ്റേറ്റ് ബിസിനസ്, കോട്ടയം നഗരത്തിലെ ബേക്കറി ബിസിനസ്, ബ്ലേഡ് പലിശയ്ക്ക് പണം കടം കൊടുക്കൽ തുടങ്ങി 10 വർഷത്തെ അവരുടെ സാന്പത്തിക ഇടപാടുകളെക്കുറിച്ചും ബിനാമി ഇടപാടുകളെക്കുറിച്ചും അന്വേഷിക്കണമെന്നും തങ്ങളിൽനിന്നും വാങ്ങിയ പണം തിരികെ ലഭിക്കുവാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്ക് പരാതി നൽകുവാൻ തയാറെടുക്കുകയാണ് ലക്ഷങ്ങൾ നഷ്ടപ്പെട്ട ജീവനക്കാർ.