ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ: യുകെയിലേക്കു വരാൻ കാത്തിരിക്കുന്ന നഴ്സുമാർക്ക് ആശ്വാസമായി ഐ ഇ എൽ ടി എസ് സ്കോറിൽ മാറ്റം വരുത്താനുള്ള ശിപാർശയുമായി യുകെ യിലെ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (എൻഎംസി ).
പുതിയ ശിപാർശ അനുസരിച്ചു ഓവറോൾ ആയി ലഭിക്കുന്ന ഏഴ് സ്കോറിൽ റൈറ്റിംഗ് മോഡ്യൂളിന് 6.5 മതിയാകും. എന്നാൽ, റീഡിംഗ് , സ്പീക്കിംഗ്, ലിസണിംഗ് മൊഡ്യൂളുകൾക്ക് ഏഴുതന്നെ സ്കോർ വേണം.
അടുത്തയാഴ്ച നടക്കുന്ന നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ മീറ്റിംഗിൽ ഇതു സംബന്ധിച്ച തീരുമാനം എടുക്കുമെന്നാണു കരുതപ്പെടുന്നത്. നിലവിൽ യു കെ യിലെ എൻഎച്ച്എസ് ആശുപത്രികൾ ഉൾപ്പടെ നഴ്സുമാരുടെ രൂക്ഷമായ ക്ഷാമം നേരിടുന്നുണ്ട്. സ്കോറിൽ ഇളവ് വരുന്നതോടെ കൂടുതൽ നഴ്സ്മാരെ ഇന്ത്യയിൽനിന്നുൾപ്പെടെ എത്തിക്കാമെന്നാണ് എൻഎംസി പ്രതീക്ഷിക്കുന്നത്.
ദീർഘകാലം നീണ്ട ആലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് സ്കോറിൽ കുറവ് വരുത്താനുള്ള ശിപാർശ യിലേക്ക് എൻ എം സി എത്തിച്ചേർന്നത് . നിലവിൽ ഉള്ളതുപോലെ തന്നെ റൈറ്റിംഗ് ഒഴികെ ഉള്ള മൊഡ്യൂളുകൾക്കു മിനിമം ഏഴും, ഓവറോൾ സ്കോർ ഏഴ് ആയിരിക്കുകയും ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക .
ഐഇഎൽടിഎസ് പാസായി എന്നതുകൊണ്ടു മാത്രം നിലവിലെ നിയമം അനുസരിച്ചു യുകെയിൽ ജോലി ലഭിക്കുകയില്ല. എൻഎംസി രജി സ്ട്രേഷൻ നടത്താൻ വേണ്ട മിനിമം യോഗ്യത ആണ് ഐ ഇഎൽടി എസ്. ഇതിനു ശേഷം നാട്ടിൽതന്നെ നടത്തുന്ന ഒരു പരീക്ഷയിൽ പങ്കെടുത്തു(ഓൺലൈൻ) വിജയിക്കുകയും തുടർന്ന് യുകെയിൽ എത്തി ഒരു പ്രാക്ടിക്കൽ ടെസ്റ്റ് കൂടി പാസായാൽ മാത്രമേ പിൻ നമ്പർ ലഭിച്ചു രജിസ്റ്റേർഡ് നഴ്സ് ആയി ജോലി ചെയ്യാൻ സാധിക്കൂ.
ഈ പരീക്ഷകൾ എല്ലാം പാസായാൽ ബ്രിട്ടനിൽ തുടരാനും ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലുമൊക്കെ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യാനും സാധിക്കും. ബ്രിട്ടനിൽ പോകാൻ ഐഇഎൽടിഎസ് സ്കോർ 6.5 മാത്രം മതി എന്ന നിലയിൽ ഉള്ള വ്യാജ പ്രചാരണങ്ങളിൽ ഉദ്യോഗാർഥികൾ വീഴരുതെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ പേപ്പർ വർക്കുകൾ ചെയ്യുന്നതിനോ യുകെയിലേക്കു വരുന്നതിനോ നാട്ടിലുള്ള ഏജൻസികൾക്കു പണം നൽകേണ്ട കാര്യവും ഇല്ല. സൗജന്യമായാണ് മിക്കവാറും എല്ലാ ഏജൻസികളും ഇവ ചെയ്യുന്നത്. സർക്കാർ സ്ഥാപനമായ ഒഡെപക് മുഖേന ഈ അടുത്തുതന്നെ സൗജന്യ റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്.