ആശുപത്രിയിലെത്തുന്ന കിടപ്പുരോഗികൾക്ക് സ്റ്റെഫി സൈമൺ ഒരു മാലാഖ. ജോലി കഴിഞ്ഞും ആശ്രിതരില്ലാത്ത കിടപ്പുരോഗികളെ പരിചരിക്കുന്നതിൽ ഫ്ലോറൻസ് നൈറ്റിംഗേളിന്റെ പാത പിന്തുടരുകയാണ് സ്റ്റെഫി സൈമൺ.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആർഎസ്ബിവൈ നഴ്സാണ് സ്റ്റെഫി സൈമൺ. പൂന്തോപ്പ് വലിയ വീട്ടിൽ സൈമണിന്റെ മകൾ സ്റ്റെഫിയുടെ പ്രവർത്തനം കാരുണ്യത്തിന്റെ പര്യായമായി മാറുകയാണ്.
കോവിഡ് വാർഡിൽ ജോലി ചെയ്യുമ്പോഴാണ് കൂട്ടിരിപ്പുകാരില്ലാത്ത വയോധികൻ ഭക്ഷണം കഴിക്കാതിരുന്നത് സ്റ്റെഫിയുടെ ശ്രദ്ധയിൽപ്പെടുന്നത്.
ഓർമക്കുറവുള്ള ഇദ്ദേഹത്തിന് നൽകിയ ഭക്ഷണമെല്ലാം പാഴാകുകയായിരുന്നു. അദ്ദേഹത്തിന് സ്വന്തമായി കഴിക്കാൻ പറ്റില്ലെന്നറിഞ്ഞ സ്റ്റെഫി ഇദ്ദേഹത്തിന് ഭക്ഷണം എന്നും വാരിക്കൊടുക്കുമായിരുന്നു.
സമീപത്ത് കിടന്ന രോഗികളിൽ ഒരാൾ സ്റ്റെഫി ഭക്ഷണം വാരിക്കൊടുക്കുന്നത് മൊബൈലിൽ ചിത്രമെടുത്തു. കാര്യങ്ങൾ അറിഞ്ഞ സഹപ്രവർത്തകർ ഈ ചിത്രം അവരുടെ ഗ്രൂപ്പിൽ പങ്കുവെച്ചതോടെയാണ് സ്റ്റെഫിയുടെ കാരുണ്യപ്രവൃത്തി പുറംലോകമറിയുന്നത്.
വണ്ടാനം മെഡിക്കൽ കോളജിൽ നിന്നാണ് സ്റ്റെഫി സൈമൺ നഴ്സിംഗ് പാസായത്. പിന്നീട് ഇന്റേൺഷിപ്പിനു ശേഷം മെഡിക്കൽ കോളജാശുപത്രിയിൽ ആർഎസ്ബിവൈ നഴ്സായി ജോലിയിൽ പ്രവേശിച്ചു.
കഴിഞ്ഞ ദിവസം മുതലാണ് കൊറോണ വാർഡിലെ രോഗികളെ പരിചരിക്കാൻ സ്റ്റെഫിക്ക് ഡ്യൂട്ടി ലഭിച്ചത്.
അനാഥ രോഗികൾ ഉൾപ്പെടെ ഇവിടെയെത്തുന്നവരെല്ലാം തന്റെ കൂടപ്പിറപ്പാണെന്ന ചിന്തയാണ് ഈ യുവ കാരുണ്യ പ്രവർത്തകക്കുള്ളത്.
2013 ൽ മീനച്ചിലാറ്റിൽ കാൽ വഴുതിവീണ് സ്റ്റെഫിയുടെ പിതാവ് സൈമൻ മരിച്ചതിനുശേഷം അമ്മ ഷീലയുടെയും സഹോദരൻ ഷെറിൻ്റെയും സംരക്ഷണയിലാണ് സ്റ്റെഫി പഠിച്ചത്.
ഐടിഐ പഠിച്ച ഷെറിൻ അച്ഛൻ്റെ മരണശേഷം എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഒമ്പത് മാസമായി ആർഎസ്ബിവൈ മുഖേന ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരുകയാണ്.