തൃശൂർ: മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം, സർക്കാർ പുറപ്പെടുവിച്ച കരടു വിജ്ഞാപനത്തിലെ ശന്പള സ്കെയിൽ പൂർണമായും ഉടൻ നടപ്പിലാക്കണമെന്നും കെവിഎം ആശുപത്രി സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു നഴ്സുമാരുടെ പ്രക്ഷോഭം ശക്തമാക്കാൻ തൃശൂരിൽ ചേർന്ന യുഎൻഎ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
കരട് വിജ്ഞാപനം അട്ടിമറിക്കുന്ന മിനിമം വേജസ് അഡ്വൈസറി ബോർഡിന്റെ നിലപാടിനെതിരെ വെള്ളിയാഴ്ച ബോർഡ് യോഗം നടക്കുന്ന കൊല്ലം ഗവണ്മെന്റ് ഗസ്റ്റ് ഹൗസിലേക്ക് യുഎൻഎയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും. ഇതേ ആവശ്യം ഉന്നയിച്ച് 16 മുതൽ സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം ആരംഭിക്കും.
24 മുതൽ പണിമുടക്കുന്ന നഴ്സുമാർ അന്നുമുതൽ സെക്രട്ടേറിയേറ്റ് പടിക്കൽ ഡ്രാഫ്റ്റ് പ്രകാരമുള്ള വിജ്ഞാപനം വരുന്നതുവരെ കുത്തിയിരിപ്പ് സമരം നടത്താനും പ്രസിഡന്റ് ജാസ്മിൻഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.