തൃശൂർ: തിങ്കളാഴ്ച മുതൽ പ്രഖ്യാപിച്ച നഴ്സുമാരുടെ അനിശ്ചിതകാല പണിമുടക്ക് താല്കാലികമായി വിലക്കിക്കൊണ്ടുള്ള ഹൈക്കോടതിയിലെ കേസിൽ കക്ഷിചേരാൻ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന ജനറൽ കൗണ്‍സിൽ തീരുമാനിച്ചു. സമരം കോടതി വിലക്കിയ സാഹചര്യത്തിൽ ആറു മുതൽ മുഴുവൻ നഴ്സുമാരും അവധിയെടുത്ത് പ്രതിഷേധം അറിയിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
കേരളത്തിലെ 457 സ്വകാര്യ ആശുപത്രികളിലെ 62,000 ത്തോളം നഴ്സുമാരാണ് ഇന്ന് ആശുപത്രികളിൽ കൂട്ട അവധിക്ക് അപേക്ഷ സമർപ്പിക്കുക. അഞ്ചിന് കോടതിയിൽ കേസ് പരിഗണനയ്ക്കെടുക്കുന്പോൾ അവകാശത്തെ ചോദ്യംചെയ്ത നടപടിയെ നിയമപരമായി തന്നെ നേരിടാനാണ് തീരുമാനം.അവധിയെടുക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ജില്ലാ ലേബർ ഓഫീസർ ആശുപത്രി മാനേജ്മെന്റുമായും നഴ്സസ് അസോസിയേഷനുമായും ഇന്നു ചർച്ച നടത്തും.
പ്രസിഡന്റ് ജാസ്മിൻഷാ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സുജനപാൽ അച്യുതൻ റിപ്പോർട്ട് അവതരിപ്പിച്ചു.വത്സൻ രാമംകുളത്ത്, ബിബിൻ എൻ പോൾ, ഷോബി ജോസഫ്, ബെൽജോ ഏലിയാസ്, ജിഷ ജോർജ്, ഷുഹൈബ് വണ്ണാരത്ത്, വിദ്യ പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.