കൊച്ചി: മാർച്ച് ആറ് മുതൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനൊരുങ്ങുന്നു. ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം തുടങ്ങുന്നത്.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന 62,000-ത്തോളം നഴ്സുമാർ അവധിയെടുത്ത് ജോലിയിൽ നിന്ന് വിട്ടുനിൽക്കും. സമരം വിലക്കിയ ഹൈക്കോടതി വിധിയും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വ്യാഴാഴ്ചയാണ് ഹൈക്കോടതി സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം താത്കാലികമായി വിലക്കിയത്. മാനേജ്മെന്‍റ് അസോസിയേഷൻ നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതി നടപടി.
നഴ്സുമാരുടെ സമരം ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹർജി. തിങ്കളാഴ്ച വീണ്ടും ഹർജി പരിഗണിക്കുന്നുണ്ട്.