ഗാന്ധിനഗർ: സംസ്ഥാനത്തെ നഴ്സുമാർ നടത്തിയ സമരം ഒത്തുതീർപ്പായ സാഹചര്യത്തിൽ കോട്ടയം മെഡിക്കൽ കോളജിലെ താത്കാലിക നഴ്സുമാരും സമരത്തിലേക്ക്. അടിസ്ഥാന ശന്പളം ലഭിക്കാത്ത താത്കാലിക നഴ്സുമാർ അടുത്ത ദിവസം മുതൽ സമരം ആരംഭിക്കുമെന്നു കാണിച്ചു മെഡിക്കൽ കോളജ് വികസന സമിതി ചെയർപേഴ്സണ് കൂടിയായ ജില്ലാ കളക്ടർക്കും ആശുപത്രി സൂപ്രണ്ടിനും നോട്ടീസ് നല്കി.
27,800 രൂപയാണ് നഴ്സുമാരുടെ സർക്കാർ അടിസ്ഥാനശന്പളം. ഇത് വേണമെന്നാവശ്യപ്പെട്ടാണ് നഴ്സുമാർ പണിമുടക്കിന് തയാറെടുക്കുന്നത്. 150 നഴ്സുമാരാണ് എച്ച്ഡിസി മുഖേന മെഡിക്കൽകോളജ് ആശുപത്രിയിൽ ജോലിചെയ്യുന്നത്.
ഒരുവർഷം മുതൽ 17 വർഷം വരെ സർവീസുള്ളവർ ഇക്കൂട്ടത്തിലുണ്ട്.
600 രൂപ ദിവസവേതനമെന്ന നിലയിൽ 18,000 രൂപയാണ് ഇപ്പോൾ ലഭിക്കുന്നത്. പിഎഫ് ഉൾപ്പെടെയുള്ള യാതൊരുവിധ ആനുകൂല്യങ്ങളുമില്ല. മാസം ഒരു കാഷ്വൽ ലീവ് മാത്രം. അസുഖം പിടിപെട്ട് അവധിയെടുത്താൽ ആ ദിവസം വേതനമില്ല.
ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ വിശേഷാവസരങ്ങളിൽ പ്രത്യേക ഓർഡർ ഇല്ലാതെ ശന്പളം നേരത്തെ നൽകില്ല.
ഇങ്ങനെ ഓർഡർ ലഭിക്കാത്തതിന്റെ പേരിൽ പലപ്പോഴും ശന്പളം ലഭിക്കാതിരുന്നിട്ടുണ്ട്. മറ്റു ജീവനക്കാരെ അപേക്ഷിച്ച് ഹെവി ഡ്യൂട്ടി ചെയ്യുന്നവരാണ് മെഡിക്കൽ കോളജിലെ താത്കാലിക നഴ്സുമാർ. എന്നാൽ, ഇതനുസരിച്ചുള്ള പരിഗണന ലഭിക്കുന്നില്ലെങ്കിലും വേതനവർധനവെങ്കിലും ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.
വേതനം വർധിപ്പിച്ചു നൽകാൻ എച്ച്ഡിസിയിൽ ഫണ്ടില്ലെന്നാണ് സ്ഥിരം പല്ലവിയെങ്കിലും വിവിധ ഡിപ്പാർട്ടുമെൻറുകളിലേക്ക് നിരവധിപ്പേരെയാണ് നിയമിച്ചുകൊണ്ടിരിക്കുന്നതെന്നും ഇവർ പറയുന്നു. അധികൃതരുടെ ഭാഗത്തു നിന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണു നഴ്സുമാർ.