കോഴിക്കോട്: സർക്കാർ പ്രഖ്യാപിച്ച ശന്പള വർധനവ് അംഗീകരിക്കാൻ തയാറല്ലെങ്കിൽ നഴ്സുമാർക്ക് കോടതിയെ സമീപിക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ പരിധിയിൽ നിന്നുകൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യമാണ് ചെയ്തത്. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ മുഴുവൻ പൂട്ടിയിട്ട് മുന്നോട്ടുപോകാൻ കഴിയില്ല. പനി പടരുന്ന സാഹചര്യത്തിൽ രോഗികളുടെ കാര്യം കൂടി നഴ്സുമാർ പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 17,200 രൂപയാക്കി ഉയർത്താൻ തിങ്കളാഴ്ചയാണ് സർക്കാർ തീരുമാനിച്ചത്. നഴ്സിംഗ് അലവൻസ്, അഡീഷണൽ അലവൻസ് എന്നിവയുൾപ്പെടെ 20,806 രൂപയാണ് പുതുക്കിയ ശമ്പളം അനുസരിച്ച് നഴ്സുമാർക്കു ലഭിക്കുക. നഴ്സിംഗ് അസോസിയേഷനുകളുമായും ആശുപത്രി മാനേജ്മെന്റുകളുമായും തൊഴിൽ മന്ത്രിയുടെ അധ്യക്ഷതയിൽ മിനിമം വേജസ് കമ്മറ്റി നടത്തിയ ചർച്ചയിലാണു തീരുമാനമുണ്ടായത്.
അതേസമയം, മതിയായ ശമ്പളവർധനയില്ലാത്തതിനാലും ട്രെയിനി നഴ്സുമാരുടെ കാര്യത്തിൽ തീരുമാനമെടുക്കാത്തതിനാലും നഴ്സുമാരുടെ സമരം തുടരുകയാണ്. ഇന്ന് ആയിരക്കണക്കിന് നഴ്സുമാരുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് പ്രകടനം നടത്തി. മറ്റ് ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടന്നു.