ഗാന്ധിനഗർ: പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ കൊണ്ടുവന്ന പോലീസുകാരനോട് മോശമായി പെരുമാറിയ മെഡിക്കൽ കോളജിലെ നഴ്സിംഗ് അസിസ്റ്റന്റിനെതിരേ ഗാന്ധിനഗർ പോലീസ് കേസെടുത്തു. മോശമായി പെരുമാറുകയും കയർത്തു സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. നഴ്സിംഗ് അസിസ്റ്റന്റ ശ്രീദേവിക്കെതിരെയാണ് പോലീസ് കേസെടുത്തത്.
കേസെടുത്തതിനെ തുടർന്ന് സ്റ്റേഷനിൽ ഹാജരാകുവാൻ ആശുപത്രിയിലെത്തി നോട്ടീസ് നൽകിയെങ്കിലും കൈപ്പറ്റിയില്ല. എന്റെ വീട്ടിലെ അഡ്രസിൽ നോട്ടീസ് നല്കിയാലേ കൈപ്പറ്റു എന്ന് ആദ്യ തവണ ജീവനക്കാരിവാശി പിടിച്ചെങ്കിലും അടുത്ത ദിവസം കൈപ്പറ്റി. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ജില്ലയിലെ ഒരു പ്രധാന സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ ജനറൽ സർജറി ഒ.പി.വിഭാഗത്തിലെത്തി. സഹായത്തിനായി യൂണിഫോമിൽ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു.
ഇവർ ഒ.പി. കൗണ്ടറിൽ എത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന ശ്രീദേവിയോട് ഡോക്ടറെ കാണുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ചോദിച്ചു. ക്ഷുഭിതയായ ജീവനക്കാരി പോലീസിന് എന്താ പ്രത്യേകത മറ്റുള്ളവരെപ്പോലെ ക്യൂവിൽ നിൽക്കുവാൻ പാടില്ലേ എന്നു ചോദിച്ചു. അവർക്ക് രണ്ട് കൊന്പുണ്ടോ എന്നൊക്കെ ചോദിച്ച് വളരെ മോശമായ ഭാഷയിൽ മറ്റ് രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും മുന്നിൽ വച്ച് അധിക്ഷേപിച്ചു.
ഇതിനെ തുടർന്ന് യൂണിഫോമിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മടങ്ങിപ്പോയി. രോഗിയായ പോലീസ് ഉദ്യോഗസ്ഥൻ ക്യൂവിൽ നിന്ന് ഡോക്ടറെ കാണുകയും ചെയ്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെ ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥൻ യൂണിഫോമിൽ എത്തിയിട്ടും വളരെ മോശമായ ഭാഷയിൽ പരസ്യമായി ആക്ഷേപിച്ചുവെന്ന് കാണിച്ച് ആശുപത്രി സൂപ്രണ്ടിനും ആർ.എം.ഒയ്ക്കും ഗാന്ധിനഗർ സ്റ്റേഷനിലും പരാതി നൽകി.
തുടർന്നാണ് കേസെടുത്തത്. സംഭവത്തെ തുടർന്ന് ആശുപത്രി അധികൃതർ ശ്രീദേവിയെ മറ്റൊരു വിഭാഗത്തിലേയ്ക്ക് മാറ്റി.ആരോപണ വിധേയയായ ജീവനക്കാരിക്കെതിരേ പരാതി കിട്ടിയിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ അന്വേഷണം നടത്തുമെന്നും ഈ ജീവനക്കാരിക്കെതിരെ ഇതിനു മുൻപും ഇത്തരത്തിലുള്ളനിരവധി ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ടെന്നും ആശുപത്രി ആർ എം ഒ ഡോ.ആർ പി.രഞ്ചിൻ രാഷ്ടദീപികയോടുപറഞ്ഞു.