ചൊവ്വാഴ്ച രാവിലെ 8.30 ഓടെ അബാസിയയിലാണ് സംഭവമുണ്ടായത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഫ്ളാറ്റിൽ എത്തിയ നഴ്സിനെ ഫ്ളാറ്റിനുള്ളിൽ വച്ച് മോഷ്ടാവ് കടന്നുപിടിക്കുകയായിരുന്നു. യുവതി പ്രതിരോധിച്ചതോടെ ആയുധം ഉപയോഗിച്ച് ആക്രമിച്ചു. മൽപ്പിടുത്തത്തിനിടെ കുത്തേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഗോപിക അപകടനില തരണ ചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
ഗോപികയും ഭർത്താവ് ബിജോയും ഒരുമിച്ച് അബാസിയ 24 ഫാർമസി സ്ഥിതി ചെയ്യുന്ന ഫ്ളാറ്റിലാണ് താമസം. ഇരുവരും താമസിക്കുന്ന രണ്ടാം നിലയിലെ ഫ്ളാറ്റിൽ വച്ചാണ് ഗോപിക ആക്രമിക്കപ്പെട്ടത്. സംഭവ സമയം ബിജോ ഫ്ളാറ്റിലുണ്ടായിരുന്നില്ല. യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സ്ഥലത്തുനിന്നും അക്രമി ഓടി രക്ഷപെട്ടു. പിന്നാലെ ഗോപിക രണ്ടാം നിലയിൽ നിന്നും ചോരവാർന്ന നിലയിൽ താഴെയെത്തി അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു. അയൽക്കാർ വിവരം പോലീസ് അറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമിയെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. സമീപത്തെ ഹോട്ടലിലെ സിസിടിവി കാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.
കോട്ടയം കാരാപ്പുഴ മാടയ്ക്കൽ കുടുംബാംഗമാണ് ഗോപിക. ജഹ്റ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ ഗോപി ഒരു വർഷം മുൻപ് മാത്രമാണ് കുവൈറ്റിലെത്തിയത്. ഭർത്താവ് ബിജോ അൽ ബാബ്റ്റൈൻ ഗ്രൂപ്പ് നിസാൻ കുവൈറ്റ് ജീവനക്കാരനാണ്.