കൊച്ചി: കോവിഡ് വ്യാപനത്തിന്റെ മറവില്‍ വലിയ ശമ്പളം വാഗ്ദാനംചെയ്തു നഴ്സുമാരെ ഉള്‍പ്പെടെ കബളിപ്പിക്കുന്ന അനധികൃത വിദേശ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ വ്യാപകം.
മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി വിദേശത്തെത്തിച്ചശേഷം മുങ്ങുകയാണു സംഘം ചെയ്യുന്നത്. ഈവിധം വിദേശത്തു പീഡനവും തടവും അനുഭവിക്കുന്നവർ നിരവധിയാണ്.
ഗള്‍ഫില്‍ കോവിഡ് വാക്സിന് ഡ്യൂട്ടി വാഗ്ദാനം ചെയ്തു 2.5 ലക്ഷം രൂപ വീതം സര്‍വീസ് ചാര്‍ജ് ഈടാക്കി നഴ്സുമാരെ കബളിപ്പിച്ച കേസിലെ പ്രതികളെ കഴിഞ്ഞദിവസം എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കലൂരിലെ റിക്രൂട്ടിംഗ് ഏജന്‍സി ഉടമ ഫിറോസ് ഖാനെയും സഹായികളായ രണ്ടു പേരെയും കോഴിക്കോട്ടെ രഹസ്യകേന്ദ്രത്തില്നിന്നാണു പിടികൂടിയത്.
നൂറുകണക്കിനു നഴ്സുമാരെ ഇവർ ദുബായില്‍ എത്തിച്ചു വഞ്ചിച്ചെന്നു പോലീസ് പറയുന്നു. ദുബായിലെത്തിയ നഴ്സുമാരെ മുറിയില്‍ അടച്ചിടുകയും മസാജ് സെന്റര്‍, ഹോം കെയര്‍ ജോലികള്‍ക്കായി പോകണമെന്നു നിർബന്ധിക്കുകയും ചെയ്തു.
മോഹന വാഗ്ദാനങ്ങള്‍
സർക്കാർ മേഖലയിൽ ജോലി, ഒന്നരലക്ഷം രൂപ ശമ്പളം, സൗജന്യതാമസം, ഭക്ഷണം എന്നിവയായിരുന്നു വാഗ്ദാനങ്ങള്‍.
വിസിറ്റിംഗ് വിസയില്‍ ദുബായിലെത്തിച്ചശേഷം റിക്രൂട്ടിംഗ് ഏജന്സിക്കാര് ഒഴിഞ്ഞുമാറി. വാക്സിന് നല്കുന്ന ജോലിയില്‍ ഒഴിവില്ലെന്നു പറഞ്ഞാണ് ഇവരെ മറ്റു ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചത്.
മതിയായ സുരക്ഷയില്ലാതെ ഒരു മുറിയില്‍ 13 മുതല്‍ 15 പേരെ വരെ താമസിപ്പിച്ചു. കൃത്യമായി ഭക്ഷണം പോലും നല്‍കിയില്ല. ഇവരുടെ പരാതിയിലാണ് അറസ്റ്റുണ്ടായത്.
തട്ടിപ്പിനിരയായി യുഎഇയില്‍ കുടുങ്ങിയ മലയാളി നഴ്സുമാരെ സഹായിക്കാന്‍ യുഎഇയിലെ മെഡിക്കല്‍ ഗ്രൂപ്പുകളിലൊന്നായ വിപിഎസ് ഹെല്‍ത്ത്കെയര്‍ രംഗത്തുവന്നിരുന്നു.
അമ്പതോളം മലയാളി നഴ്സുമാര്‍ക്ക് ഇവര്‍ ജോലി നല്കി. നൂറോളം പേര്‍ക്കു ജോലി നല്‍കുമെന്നാണ് അറിയുന്നത്. റിക്രൂട്ട്മെന്റ് ഏജന്‍സിക്ക് നല്കിയ രണ്ടു ലക്ഷം രൂപയില്‍ ഒരു രൂപ പോലും തിരിച്ചു ലഭിച്ചിട്ടില്ലെന്നു നഴ്സുമാര്‍ പറയുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പു ഇത്തരം തട്ടിപ്പു സംഘങ്ങൾക്കെതിരേ സിബിഐ കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കുവൈറ്റ് നഴ്സിംഗ് റിക്രൂട്ട്മെന്റ് കേസില്‍ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.
തട്ടിപ്പ് ഏജൻസികളെ പ്രിയം
300 ഓളം ലൈസന്‍സുള്ള വിദേശ മാന്‍പവര്‍ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ കേരളത്തിലുണ്ട്. ഇവരുടെ സബ് ഏജന്റുമാരാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പ് സംഘങ്ങൾ രംഗത്തു വരുന്നത്.
വിദേശകാര്യ മന്ത്രാലയത്തിനു (എംഇഎ) കീഴിൽ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് (പിഒഇ) വിസ സംബന്ധിച്ചും റിക്രൂട്ട്മെന്റ് സംബന്ധിച്ചുമുള്ള സംശയങ്ങള്‍ക്കു മറുപടി നല്കാന് പ്രത്യേക സെല്‍തന്നെ ഉണ്ട്.
വിസിറ്റിംഗ് വിസയില്‍ ജോലി വാഗ്ദാനം ചെയ്തു രംഗത്തുവരുന്ന ഏജന്‍സികളെക്കുറിച്ചു മുന്നറിയിപ്പും നല്‍കാറുണ്ട്. എന്നാല്‍ തട്ടിപ്പുകാരെയാണ് കൂടുതൽപ്പേരും സമീപിക്കുന്നതെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.
തൊഴില്‍ പ്രതീക്ഷിച്ചു വിസിറ്റിംഗ് വീസയില്‍ വിദേശത്തേക്കു പോകുന്നത് അപകടമാണ്. ഏജന്‍സികളില്‍നിന്നു വിദേശതൊഴില്‍ വാഗ്ദാനം സ്വീകരിക്കുന്നതിനു മുമ്പ് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് ഓഫീസുമായി ബന്ധപ്പെടണമെന്നും ഏജന്‍സികളുടെ പശ്ചാത്തലം പരിശോധിക്കണമെന്നും ഉദ്യോഗസ്ഥര്‍ നിർദേശിക്കുന്നു.
(കൊച്ചി ഓഫീസ് -0484 2315400, തിരുവനന്തപുരം -0471 2324835, 2336625, 2336626). കൊച്ചിയിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് ഓഫീസിനു കീഴില്‍ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളും തിരുവനന്തപുരത്തിനു കീഴില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളും ഉള്‍പ്പെടുന്നു.