തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ 22 ദിവസമായി നടത്തിവന്ന സമരം ഒത്തുതീർപ്പായി. അടിസ്ഥാന ശന്പളം 20,000 രൂപയായി നിശ്ചയിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടു. 50 കിടക്കകൾ വരെയുള്ള സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ ശന്പളം 20,000 രൂപയായാണ് ഉയർത്തിയത്. ഇത് സംബന്ധിച്ച് എല്ലാ സംഘടനകളും ധാരണയിലെത്തിയെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യോഗത്തിൽ നഴ്സുമാരുടെ സംഘടനാ പ്രതിനിധികളും മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തിരുന്നു.
50ന് മേലെ കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാരുടെ ശന്പളം തീരുമാനിക്കാൻ സർക്കാർ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി ഒരു മാസത്തിനകം റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ട് പരിഗണിച്ചാവും 50ന് മേലെ കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാരുടെ വേതനത്തിൽ തീരുമാനമെടുക്കുക. കൂടാതെ, നഴ്സുമാരുടെ ട്രെയിനിംഗ് കാലാവധി, സ്റ്റൈപ്പന്റ് വർധനവ് എന്നിവയിലും സമിതി നൽകുന്ന റിപ്പോർട്ട് പരിഗണിച്ച് തീരുമാനമെടുക്കും.
2016 ജനുവരി 29ന് ഉണ്ടായ സപ്രീം കോടതി വിധിയുടെ അടസ്ഥാനത്തിൽ കേന്ദ്രസർക്കാർ അതേവർഷം ഫെബ്രുവരിയിൽ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള വേതനം നഴ്സുമാർക്ക് നൽകുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്.
ബുധനാഴ്ച ഹൈക്കോടതി നിയോഗിച്ച മീഡിയേഷൻ കമ്മിറ്റി മാനേജ്മെന്റുമായും നഴ്സസ് അസോസിയേഷൻ ഭാരവാഹികളുമായും നടത്തിയ ചർച്ചയിൽ തീരുമാനമുണ്ടായില്ല. വ്യാഴാഴ്ച രാവിലെ നടന്ന മിനിമം വേജസ് ബോർഡിന്റെ ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. ശന്പളത്തിന്റെ കാര്യത്തിൽ മാനേജുമെന്റുകളും നഴ്സുമാരും ഒരടി പിന്നോട്ടുപോകാൻ തയാറാകാതിരുന്നതോടെയാണ് ചർച്ച അലസിയത്. അടിസ്ഥാന ശന്പളം 20,000 രൂപയാക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം. ഇത് അംഗീകരിക്കാൻ മാനേജ്മെന്റുകൾ തയാറായിരുന്നില്ല.