കൊച്ചി: കോവിഡ് 19 പേരാട്ടത്തില്‍ മുന്നണിപ്പോരാളികളായ നഴ്സുമാർ സഹിക്കുന്ന ത്യാഗം ചെറുതല്ല. രോഗികളെ പരിചരിക്കുന്നതിനൊപ്പം സ്വയം പ്രതിരോധം തീര്‍ക്കുന്നതിനും കുടുംബാംഗങ്ങളെ രോഗത്തിന്റെ പിടിയില്‍നിന്ന് അകറ്റി നിർത്തുന്നതിനും ഇവർ ജാഗ്രത കാട്ടേണ്ടിവരുന്നു.
കുടുംബാംഗങ്ങളെ ഒരുനോക്ക് കാണാതെ, സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കാനാകാതെ ഐസൊലേഷന്‍ വാര്‍ഡുകളിലും ഐസിയുവിലും ജോലിനോക്കുന്ന നഴ്സുമാർ അനവധി.
കോവിഡ് കെയര്‍ സെന്ററുകളിലൊന്നായ കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലും ഐസിയുവിലും ആറ് ഷിഫ്റ്റുകളായാണു നഴ്സുമാരുടെ ജോലി ക്രമീകരിച്ചിട്ടുള്ളത്.
സുരക്ഷാ വസ്ത്രങ്ങളണിഞ്ഞു നാല് മണിക്കൂര്‍ വീതമുള്ളതാണ് ഒരു ഷിഫ്റ്റ്. ഒരു സമയം നാലുപേര്‍ വീതം ഐസൊലേഷന്‍ വാര്‍ഡിലും ഐസിയുവിലും ജോലി നോക്കുന്നു.
നിലവില്‍ മെഡിക്കല്‍ കോളജില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവര്‍ ആരുമില്ലെങ്കിലും നേരത്തേ രോഗികളുള്ള സമയങ്ങളില്‍ ഒരു ദിവസം 60 പേര്‍വരെ ജോലിക്കെത്തിയിരുന്നു.
തുടച്ചയായി ഏഴ് ദിവസം ജോലി നോക്കിയശേഷം 14 ദിവസം ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയും. ഈസമയം ഒരു മുറിയില്‍ മറ്റാരുമായും സമ്പര്ക്കമില്ലാതെയാണു കഴിയുക. ജോലി നോക്കുന്ന ഏഴ് ദിവസവും പലരും വീടുകളിലേക്ക് മടങ്ങാതെ ആശുപത്രികളില്‍ തങ്ങുകയാണു പതിവ്.
ഒരു വയസിനു മുകളില്‍ പ്രായമായ കുഞ്ഞുങ്ങളുള്ള നിരവധി നഴ്സുമാര്‍ ഇത്തരത്തില്‍ ജോലിനോക്കുന്നുണ്ട്. ഇവരില്‍ പലരും തങ്ങളുടെ കുഞ്ഞുങ്ങളെ ബന്ധുവീടുകളിലേക്കും മറ്റും മാറ്റിയിരിക്കുകയാണ്.
ഈവിധം എങ്ങനെ മുന്നോട്ടുപോകുന്നെന്നു ചോദിച്ചാല്‍ ഇത് തങ്ങളുടെ ജോലിയാണെന്ന ചെറുപുഞ്ചിരിയോടെയുള്ള മറുപടിയാകും ലഭിക്കുക. ഒരു വയസിനു താഴെ പ്രായമുള്ള കുട്ടികളുള്ളവരെയും ഗര്‍ഭിണികളായ നഴ്സുമാരെയും ഐസൊലേഷന്‍ വാര്‍ഡ്, ഐസിയു ജോലികളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.