നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ ടിക്ക് ടോക്ക് നടത്തി നഴ്സുമാർ. ഒഡീഷയിലെ മാൽകാംഗിരിയിലെ ജില്ലാ ആശുപത്രിയിലായിരുന്നു സംഭവം. തീവ്രപരിചരണ വിഭാഗത്തിൽ യൂണിഫോമിലാണ് നഴ്സുമാർ ടിക്ക് ടോക്ക് നടത്തിയത്. നഴ്സുമാർ ആടിയും പാടിയും അരങ്ങ് തകർത്തതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.
എന്നാൽ ജോലിസ്ഥലത്ത് പ്രത്യേകിച്ച് കുട്ടികളുടെ തീവ്രപരിചരണ വിഭാഗം പോലുള്ള സ്ഥലത്ത് ടിക് ടോക്ക് നടത്തിയ നഴ്സുമാരുടെ നിരുത്തരവാദപരമായ നടപടിയിൽ വ്യാപകവിമർശവും ഉയർന്നു. ഇതോടെ നഴ്സുമാർക്ക് ജില്ലാ മെഡിക്കല്‍ ഓഫീസർ കാരണംകാണിക്കല്‍ നോട്ടീസ് നൽകുകയും ചെയ്തു.
നഴ്സുമാര്‍ പാട്ടുപാടുന്നതും നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളെയും വീഡിയോയില്‍ കാണാം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഉടന്‍തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നും ആശുപത്രി ഓഫീസര്‍ ഇന്‍-ചാര്‍ജ് തപന്‍ കുമാര്‍ ഡിന്‍ഡയും അറിയിച്ചു.
ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യയില്‍ ജനപ്രീതിയാര്‍ജിച്ച സോഷ്യല്‍ മീഡിയാ സേവനമാണ് ടിക് ടോക്ക്. 2018 ലെ കണക്കനുസരിച്ച് ടിക് ടോക്കിലെ 50 കോടി ഉപയോക്താക്കളില്‍ 39 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യയില്‍ പ്രതിമാസം 12 കോടി സജീവ ഉപയോക്താക്കളുണ്ടെന്നും ടിക് ടോക്ക് കോടതിയില്‍ വ്യക്തമാക്കുകയുണ്ടായി.