ന്യൂഡൽഹി: “ആരോടും ഒരു പരാതിയും പറയാനില്ല. എന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞ് പോലും ഈ ദുരിതം അനുഭവിക്കേണ്ടി വന്നല്ലോ” എന്നു പറയുന്പോൾ അടക്കിപ്പിടിച്ച ഒരു നിലവിളി അവരുടെ ഉള്ളിൽ നിന്ന് ഇടറിയ ശബ്ദമായി പുറത്തേക്കു വന്നു.
കോവിഡ് സ്ഥിരീകരിച്ച ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ എട്ടു മാസം ഗർഭിണിയായ മലയാളി നഴ്സാണ് ഒറ്റപ്പെടലിന്റെയും ദുരിത ജീവിതത്തിന്റെയും നടുവിൽ നിന്നു വിതുന്പുന്നത്.
സംസ്ഥാന മുഖ്യമന്ത്രി ഉൾപ്പടെ വിഷയത്തിൽ ഇടപെട്ടിട്ടും വിവിധ ആശുപത്രികളിൽ കഴിയുന്ന ഇവരുടെ നില പരിതാപകരമാണ്. കോവിഡ് ചികിത്സാ കേന്ദ്രമായി മാറിയ ഡൽഹി എൽഎൻജെപി ആശുപത്രിയിൽ ഡോക്ടർമാർക്ക് ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസ സൗകര്യം ഉൾ പ്പെടെ ലഭ്യമാക്കിയപ്പോൾ നഴ്സുമാർ കടുത്ത അവഗണനയാണ് നേരിടുന്നതെന്നും പരാതിയുണ്ട്.
ഇന്നലെ ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ഡൽഹിയിൽ 12 നഴ്സുമാർക്കാണ് ഇപ്പോൾ കോവിഡ് ബാധിച്ചിരിക്കുന്നത്.ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കോവിഡ് ബാധിച്ച് എട്ടു മാസം ഗർഭിണിയായ മലയാളി നഴ്സ് ഉൾപ്പെടെയുള്ളവരാണ് രണ്ട് ആശുപത്രികളിലായി ഐസൊലേഷനിൽ കഴിയുന്നത്
. ഇതിൽ ഗർഭിണിയായ യുവതി എൽഎൻജെപി ആശുപത്രിയിൽ തനിച്ചാണ് കഴിയുന്നത്. ഗർഭസ്ഥ ശിശുവിന്റെ പരിശോധന ഫലം ഉൾപ്പെടെ ചികിത്സാ റിപ്പോർട്ടുകൾ ആവശ്യപ്പെട്ടിട്ടും രണ്ടു ദിവസമായി ആശുപത്രിയിൽ നിന്നു ലഭിക്കുന്നില്ലെന്ന് ഇവർ പറഞ്ഞു.
തുടർച്ചയായ ദിവസങ്ങളിൽ ഇതു സംബന്ധിച്ചു പരാതികൾ ഉയർന്നിട്ടും ഡൽഹി സർക്കാരിൽ നിന്നോ ആശുപത്രി അധികൃതരിൽ നിന്നോ അനുകൂല സമീപനം ഇതുവരെ ഉണ്ടായിട്ടില്ല.
നഴ്സുമാരുടെ വിഷയത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി ബന്ധപ്പെട്ട് വേണ്ടതെല്ലാം ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
നഴ്സുമാർക്ക് സഹായം നൽകണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേജരിവാളിന് കത്തും നൽകിയിരുന്നു. എന്നാൽ, അത്തരത്തിലുള്ള ഒരു ഉറപ്പും സഹായമായോ പരിചരണമായോ ഈ നഴ്സുമാരെ തേടി എത്തിയിട്ടില്ല.
ഗർഭിണിയായ യുവതി ഒഴികെ ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കോവിഡ് സ്ഥിരീകരിച്ച മറ്റ് ഒന്പത് പേരും രാജീവ് ഗാന്ധി ആശുപത്രിയിലാണ് ഐസൊലേഷനിൽ കഴിയുന്നത്.
പ്രതിരോധ ചികിത്സയുടെ ഭാഗമായി ഇവർക്ക് ആന്റിബയോട്ടിക്ക് നൽകുന്നുണ്ട്. എന്നാൽ, ശാരീരിക പ്രതിരോധ ശേഷി ഉറപ്പു വരുത്തേണ്ട സാഹചര്യത്തിലും ഇവർക്ക് മൂന്ന് നേരം പോലും ഭക്ഷണം കൃത്യമായി ലഭിക്കുന്നില്ല.
നാലും എട്ടും വയസുള്ള മക്കളുമായി മറ്റൊരു മലയാളി നഴ്സും ഐസൊലേഷനിൽ കഴിയുന്നുണ്ട്. ഡൽഹിയിൽ ഇന്നലെയും ഒരു നഴ്സിനുകൂടി കോവിഡ് സ്ഥിരീകരിച്ചു. കൂടുതൽ പേരുടെ പരിശോധന ഫലം ഇനിയും വരാനുണ്ട്.
കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ കോവിഡ് പടർന്നത് ഡ്യൂട്ടിക്കെത്തിയ റസിഡന്റ് ഡോക്ടറിലൂടെയാണ്. എട്ടു മാസം ഗർഭിണിയായ നഴ്സിനെ ഡ്യൂട്ടിക്ക് നിയോഗിച്ചത് ഉൾപ്പെടെ ഗുരുതര വീഴ്ചകളാണ് ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. എൽഎൻജെപി ആശുപത്രി സർക്കാർ നേരത്തെ തന്നെ കോവിഡ് ചികിത്സാ കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു.
ഇവിടത്തെ ഡോക്ടർമാർക്കു സർക്കാർ ചെലവിൽ മാർച്ച് 30 മുതൽ ലളിത് ഹോട്ടലിലാണ് താമസം ഒരുക്കിയിരിക്കുന്നത്. എന്നാൽ, 14 ദിവസം കോവിഡ് രോഗികളെ പരിചരിക്കുന്ന നഴ്സുമാർക്ക് അതിനു ശേഷമുള്ള 14 ദിവസം ക്വാറന്റൈൻ സൗകര്യം പോലും സർക്കാർ ഏർപ്പാടാക്കിയിട്ടില്ല.
ഡൽഹി സ്റ്റേറ്റ് ഹോസ്പിറ്റൽ നഴ്സസ് യൂണിയനും യുണൈറ്റഡ് നഴ്സസ് അസോസിയേഷനും നിരന്തരം പരാതികളും അഭ്യർഥനകളും നടത്തിയിട്ടും സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ഇതുവരെ മതിയായ നടപടികൾ എടുത്തിട്ടില്ല.