സെബി മാത്യു
ന്യൂഡൽഹി: കേരളത്തിന്റെ ആരോഗ്യ മികവിന്റെ സഹായം തേടി കേന്ദ്ര സർക്കാരിനു മുന്നിൽ വിദേശ രാജ്യങ്ങൾ. അവധിക്കെത്തിയ മലയാളികളായ നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ തിരികെ കൊണ്ടു പോകാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് മുന്നിൽ ആദ്യം അനുമതി തേടിയെത്തിയത് സൗദി അറേബ്യ.
ഇതിനോടകം റിക്രൂട്ട് ചെയത് നൂറു നഴ്സുമാരെ കേരളത്തിൽ നിന്നു കൊണ്ടു പോകാൻ അനുമതി തേടി ബഹ്റിനും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.
യുഎഇ യിലേക്ക് നൂറോളം ആരോഗ്യ പ്രവർത്തകരെ മൂന്നു മാസത്തേക്ക് റിക്രൂട്ട് ചെയ്യാൻ അനുമതി തേടി അവിടുത്തെ രണ്ട് ആശുപത്രികളും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.
കേരളത്തിന്റെ ആരോഗ്യ മികവ് തേടിയുള്ള ഗൾഫ് രാജ്യങ്ങളുടെ അഭ്യർഥന പരിശോധിച്ചു വരികയാണെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നിലവിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുൾപ്പെടെ അവധിക്ക് നാട്ടിൽ വന്നശേഷം ലോക്ക് ഡൗണിനെ തുടർന്ന് മടങ്ങിപ്പോകാൻ കഴിയാത്ത നൂറു കണക്കിന് നഴ്സുമാർ ഉൾപ്പെടെയുള്ളവർ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ കഴിയുന്പോഴാണ് മലയാളി ആരോഗ്യ പ്രവർത്തകരുടെ സേവനം ആവശ്യപ്പെട്ട് ഗൾഫ് രാജ്യങ്ങൾ കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുന്നത്.
ഇത്തരത്തിൽ നഴ്സുമാരുൾപ്പെടെ 830ൽ അധികം ആരോഗ്യ പ്രവർത്തകരാണ് നാട്ടിലുള്ളത്. ഇവരെ കൊണ്ടുപോകാൻ കൊച്ചിയിൽ വിമാനം ഇറങ്ങാനുള്ള അനുമ തിയാണ് വിദേശരാജ്യങ്ങൾ തേടിയത്.
ആവശ്യം അംഗീകരിച്ച് ഇന്ത്യ
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും വിട്ടു നൽകണമെന്ന കുവൈറ്റിന്റെയും യുഎഇയുടെയും ആവശ്യത്തിന് ഇന്ത്യ തത്വത്തിൽ അംഗീകാരം നൽകി.
കുവൈറ്റ് പ്രധാമന്ത്രി ഷേക്ക് സബ അൽ ഖാലിദ് അൽ ഹമദ് അൽ സബ പ്രധാനന്ത്രി നരേന്ദ്ര മോദിയെ നേരിട്ടു വിളിച്ചാണ് ആരോഗ്യ പ്രവർത്തകരുടെ സേവനം വിട്ടു നൽകണം എന്ന് അഭ്യർഥിച്ചത്.
തൊട്ടു പിന്നാലെ കഴിഞ്ഞ ദിവസം വ്യോമസേന 15 അംഗ മിലിട്ടറി റാപ്പിഡ് സംഘവുമായി പുറപ്പെടുകയും ചെയ്തു. ഈ സംഘം കഴിഞ്ഞ തിങ്കളാഴ്ച തിരിച്ചെത്തി.
തൊട്ടു പിന്നാലെ തന്നെ കുവൈത്ത് വീണ്ടും സഹായം അഭ്യർഥിക്കുകയും ചെയ്തു. ഇതിന് പുറമേ, യുഎഇ, മൗറീഷ്യസ്, കോമറോസ് തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ട്.