തിരുവനന്തപുരം: “അമ്മേ, അമ്മ കൊറോണയെ പായിക്കാനാണോ പോയത്? കോവിഡ് ഡ്യൂട്ടിയും നിരീക്ഷണവും കഴിഞ്ഞ് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം അമ്മയെ കണ്ടപ്പോഴുള്ള ചാരുവിന്റെ കുഞ്ഞു നിഷ്കളങ്ക ചോദ്യം.
അതേ എന്നു ചിരിച്ചുകൊണ്ട് തലയാട്ടിയപ്പോള്‍ കുഞ്ഞുമുഖത്ത് അദ്ഭുതത്തിന്റെയും സന്തോഷത്തിന്റെയും ഒരായിരം കുഞ്ഞുപൂക്കള്‍ വിരിഞ്ഞത് എനിക്ക് കാണാമായിരുന്നു.
അടുത്തുവന്ന് കൊഞ്ചിപ്പറയുന്ന മകളെ എടുത്ത് മടിയിലിരുത്തി ലാളിക്കാനും ഉമ്മ വയ്ക്കാനും കൊതിയുണ്ട്. പക്ഷേ… നിരീക്ഷണ കാലയളവ് തീരാത്തതിനാല്‍ അകറ്റി നിര്‍ത്താനേ നിവൃത്തിയുള്ളൂ.
ഒറ്റയ്ക്ക് ഒരു മുറിയില്‍ കഴിയണം. കുഞ്ഞ് പുറംതിരിഞ്ഞു നടന്നപ്പോള്‍ ഒന്ന് കൈയെത്തി തൊടാന്‍ പോലും ആഗ്രഹിച്ചു. മാതൃത്വത്തിന്റെ മുന്നില്‍ തന്റെ സകല ധൈര്യവും ചോര്‍ന്നു പോവുകയായിരുന്നു. എങ്കിലും അതിജീവനമാണ്. ഈ രാത്രിയും കടന്നു പോകും. കടന്നു പോവുക തന്നെ ചെയ്യും…’
ലോക നഴ്സസ് ദിനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സ് ഷീനയുടെ കുറിപ്പ് അഡീ. ഡയറക്ടര്‍ നഴ്സിംഗ് എം.ജി. ശോഭന പങ്കുവച്ചപ്പോള്‍ നിറഞ്ഞ കൈയടിയായിരുന്നു.
നഴ്സുമാരോടുള്ള ആദരവ് കൂടിയതായി മന്ത്രി കെ.കെ. ശൈലജ നഴ്സുമാരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. സ്വകാര്യമായ പല ദുഃഖങ്ങളും മറച്ചുവച്ചാണ് ഓരോ നഴ്സും കോവിഡിനെതിരെ പൊരുതുന്നത്. ഓരോരുത്തര്‍ക്കും ഇതുപോലെ പല കഥകളും പറയാനുണ്ടാകും.
ആരോഗ്യ പ്രവര്‍ത്തകര്‍ വീണുപോയാല്‍ അവരെ രക്ഷിക്കാന്‍ ആരാണുണ്ടാകുക? ഓരോ നഴ്സിനും ബിഗ് സല്യൂട്ട്. അകാലത്തില്‍ പൊലിഞ്ഞ നഴ്സുമാരായ ലിനി, എ.എ. ആഷിഫ്, ഡോണ വര്‍ഗീസ് എന്നിവരെ ഈയവസരത്തില്‍ ഓര്‍ക്കുന്നതായും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ നൂറോളം ആശുപത്രികളില്‍ നിന്നായി 800 ഓളം നഴ്സുമാരാണ് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്.