മുളങ്കുന്നത്തുകാവ്: മരുന്നു നല്കാൻ വൈകിയെന്നാരോപിച്ചു നഴ്സിനെ രോഗിയുടെ പിതാവ് മർദിച്ചെന്നു പരാതി.
ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ അഞ്ചിൽ ജോലി ചെയ്യുകയായിരുന്ന സ്റ്റാഫ് നഴ്സിനു നേരേയാണ് ആക്രമണം.
ഇന്നലെ വൈകീട്ടാണു സംഭവം. മരുന്നിന്റെ ഡോസിനെക്കുറിച്ചു നഴ്സിനുണ്ടായ സംശയത്തെ തുടർന്നു നല്കാൻ വൈകുകയായിരുന്നു.
വാർഡിൽ പരിശോധനയ്ക്കു വന്ന ജൂനിയർ ഡോക്ടർ എഴുതിയ മരുന്നിന്റെ ഡോസ് ശരിയല്ലെന്നു ബോധ്യം വന്ന നഴ്സ് മുതിർന്ന ഡോക്ടറെ കാര്യം പറഞ്ഞിരുന്നു.
തുടർന്നു മരുന്നിന്റെ അളവു വീണ്ടും പരിശോധിച്ചു നല്കാൻ മുതിർന്ന ഡോക്ടർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഡോക്ടർ മറ്റൊരു വാർഡിലേക്കു പോയതിനെ തുടർന്നു മരുന്നു നല്കുന്നതു നീളുകയായിരുന്നു.
ഇടതു യുവജനപക്ഷ സംഘടനാ നേതാവുകൂടിയായ രോഗിയുടെ അച്ഛൻ ഇതേ തുടർന്നു നഴ്സുമായി തർക്കത്തിലാകുകയും സഹപ്രവർത്തകരെ വിളിച്ചു വരുത്തുകയും ചെയ്തു.
ഇതിനിടയിൽ നഴ്സിന്റെ ഫോട്ടോയും വീഡിയോയും എടുക്കാനും ഇയാൾ ശ്രമിച്ചതായി പറയുന്നു. ഇതു തടയാൻ ശ്രമിച്ചപ്പോഴാണു നഴ്സിനെ മർദിച്ചത്.
ഇതിനകം പാർട്ടിപ്രവർത്തകരും ആശുപത്രിയിൽ എത്തിയതു കൂടുതൽ ബഹളത്തിനു കാരണമായി. പരിക്കേറ്റ നഴ്സ് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി.
ആശുപത്രി സൂപ്രണ്ടിനു നഴ്സ് നല്കിയ പരാതി മെഡിക്കൽ കോളജ് പോലീസിനു കൈമാറിയിട്ടുണ്ട്.
അതിക്രമത്തിൽ ജീവനക്കാരുടെ സംഘടനയായ കെജിഎൻഎപ്രതിഷേധ മാർച്ചും ധർണയും നടത്തി.