കലിഫോര്‍ണിയ: നൂറുമൈല്‍ വേഗത്തില്‍ കാര്‍ ഓടിക്കുകയും, റെഡ് സിഗ്നലില്‍ നിര്‍ത്താതെ മുന്നോട്ടുപോയ കാര്‍ പല വാഹനങ്ങളെ ഇടിക്കുകയും ചെയ്തതിനെതുടര്‍ന്ന് പൂര്‍ണ ഗര്‍ഭിണിയുള്‍പ്പടെ ആറു പേര് കൊല്ലപ്പെട്ട സംഭവത്തില്‍ ഹൂസ്റ്റണില്‍ നിന്നുള്ള ട്രാവലിംഗ് നഴ്സ് അറസ്റ്റിലായതായി കലിഫോര്‍ണിയ പോലീസ് അറിയിച്ചു. നിക്കോള്‍ എല്‍ലിന്റനാണ് (27) അറസ്റ്റിലായത്.
ലോസ്ആഞ്ചലസില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്. ആണ് സുഹൃത്തുക്കളുമായി വഴക്കുണ്ടാക്കിയശേഷം മദ്യപിച്ച് അതിവേഗം മേഴ്സിഡസ് വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
വിന്‍ഡ്സര്‍ ഹില്‍ ഇന്റര്‍നാഷണല്‍ സെക്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലാണ് ആദ്യം ഇടിച്ചത്. ഈ കാറിലുണ്ടായിരുന്ന എട്ടുമാസം ഗര്‍ഭിണിയായ സ്ത്രീയും,
ഒരു വയസുള്ള കുട്ടിയും, ഇവരുടെ ആണ്‍സുഹൃത്തും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. പിന്നെയും അഞ്ചു വാഹനങ്ങളില്‍ക്കൂടി ഇടിച്ചശേഷമാണ് കാര്‍ നിന്നത്.
ഈ വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരും കൊല്ലപ്പെട്ടു. ആറോളം പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കാര്‍ ഓടിച്ചിരുന്ന നഴ്സിന് കാര്യമായ പരിക്കേറ്റില്ല. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
മരിച്ച പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീ ആണ്‍സുഹൃത്തുമൊരുമിച്ച് ഡോക്ടറെ കാണാന്‍ പുറപ്പെട്ടതായിരുന്നു. ഗര്‍ഭസ്ഥ ശിശുവിനേയും രക്ഷിക്കാനായില്ല.
ഓഗസ്റ്റ് എട്ടിനു തിങ്കളാഴ്ച ഇവര്‍ക്കെതിരേ ഏതെല്ലാം വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുമെന്ന് ലോസ്ആഞ്ചലസ് ഡിസ്ട്രിക്ട് അറ്റോര്‍ണി തീരുമാനിക്കും.