കൊച്ചി: “ഡോക്ടര്‍ രോഗം ഭേദമാക്കുമ്പോള്‍ നഴ്സ് രോഗിയെ ശുശ്രൂഷിക്കുകയാണു ചെയ്യുന്നത്. രോഗിക്കു നിങ്ങള്‍ ഒരു അമ്മയെപ്പോലെ ആയിരിക്കണം’’ – സ്പെയിനിലെ നഴ്സായിരുന്ന കാര്‍മെന്‍ ചില്മാര്ട്ടിന്റേതാണു വാക്കുകള്‍.
പിറന്നു വീണു പിറ്റേന്നു ഗുരുതരമായ ഹൃദ്രോഗത്തിനു ചികിത്സയ്ക്കായി തമിഴ്നാട്ടിൽനിന്നു കൊച്ചിയിലെ ആശുപത്രി തീവ്രപരിചരണ മുറിയിലേക്ക് എത്തപ്പെട്ട കുഞ്ഞിനു റീത്ത ഗീതു എന്ന നഴ്സ് അമ്മയാവുകയായിരുന്നു. 15 നാള് അമ്മയ്ക്കു പകരമായി റീത്ത കുഞ്ഞിനൊപ്പം കഴിഞ്ഞു.
ചികിത്സയ്ക്കു ശേഷം കുഞ്ഞുമായി ലോക്ക് ഡൗണ്‍ നാളിലൊന്നില്‍ 250 കിലോമീറ്ററോളം യാത്ര. സ്നേഹത്തില്‍ പൊതിഞ്ഞു കുഞ്ഞിനെ അതിര്‍ത്തിയില്‍ കാത്തുനിന്ന അമ്മക്കരങ്ങളിലേക്കേല്പിച്ചപ്പോള് ആ അമ്മയുടെ മാത്രമല്ല റീത്തയുടെ കണ്ണിലും നനവുണ്ടായിരുന്നു.
നഴ്സ് എന്ന പദത്തിന്റെ അര്‍ഥം തൊട്ടറിയാനായതിന്റെ ആനന്ദക്കണ്ണീര്. കുഞ്ഞിനെ ഏറ്റുവാങ്ങിയ ആ അമ്മയുടെ പുഞ്ചിരി ജീവിതത്തിൽ എക്കാലവും ഓർമിക്കുമെന്നു റീത്ത പറഞ്ഞു.
നഴ്സായി ജോലിയില്‍ പ്രവേശിച്ച് ഒരു വര്‍ഷമെത്തും മുമ്പേ ജീവിതത്തിലെ അനുഗ്രഹീത നിമിഷങ്ങളിലൂടെ കടന്നുപോയതിന്റെ നിറവിലാണ് റീത്ത ഗീതു.
എറണാകുളം ലിസി ആശുപത്രിയില്‍ പീഡിയാട്രിക് കാര്‍ഡിയാക് ഐസിയുവില്‍ നഴ്സാണു റീത്ത. നാഗര്‍കോവിലില്‍നിന്ന് ഒരു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ചികിത്സയ്ക്കായി കൊണ്ടുവന്നത്. കുഞ്ഞിനു വേണ്ടി റീത്ത ആശുപത്രിയിൽതന്നെ താമസിച്ചു.
തമിഴ്നാട്ടില്‍നിന്ന് അമ്മയെ കൊച്ചിയിലേക്കു കൊണ്ടുവന്നു കുഞ്ഞിനെ കൈമാറുന്നതു സുരക്ഷിതമല്ലെന്നു കണ്ട് സംസ്ഥാന അതിർത്തിയിൽ എത്തിച്ചുകൊടുക്കാൻ തീരുമാനിച്ചു. കുഞ്ഞിനൊപ്പം ആരു പോകുമെന്ന ചോദ്യമുയരും മുമ്പേ റീത്ത സന്നദ്ധതയറിയിച്ചു.
ദൈവത്തിന്റെ സമ്മാനം എന്നര്‍ഥമുള്ള ഫസ്രിന്‍ ഫാത്തിമ എന്നു പേരിട്ട കുഞ്ഞുമായി ഏപ്രിൽ 29നു രാവിലെ 9.30ന് ലിസിയില്‍നിന്നു കേരള-തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയിലേക്ക്.
റീത്തയ്ക്കെന്നപോലെ ആശുപത്രിക്കും ഇത് അഭിമാനകരമാണെന്നു ലിസിയിലെ നഴ്സിംഗ് അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സലം പറഞ്ഞു.
നഴ്സാവണമെന്നു കുഞ്ഞുനാള് മുതല്‍ മോഹിച്ച റീത്തയെ, ക്ലീനിഗ് ജോലി ചെയ്യുന്ന അമ്മ ജോഫി ഏറെ ബുദ്ധിമുട്ടിയാണു പഠിപ്പിച്ചത്. പിതാവ് ജോണ്‍ നേരത്തെ മരിച്ചു. സഹോദരി ലിയ ബിരുദ വിദ്യാര്‍ഥിനിയാണ്.
സിജോ പൈനാടത്ത്