അടിമാലി: അംഗണവാടിയുടെ രണ്ടാംനിലയിൽ നിന്ന് വീണ് നാലു വയസുകാരിക്ക് ഗുരിതര പരിക്ക്. വരാന്തയിൽ തങ്ങി നിന്ന മഴവെള്ളത്തിൽ കാൽതെന്നി നാലു വയസുകാരി താഴേക്കു വീഴുകയായിരുന്നു. പള്ളിവാസൽ പഞ്ചായത്തിലെ കല്ലാർ അങ്കണവാടിയിൽ ഇന്നലെ ഉച്ചയ്ക്കു 12.30ന് ആണു സംഭവം.
തലയോട്ടിക്കു ഗുരുതര പരിക്കേറ്റ, കോയേലിപറമ്പിൽ ആന്റപ്പന്റെ മകൾ മെറീനയെ കോട്ടയം കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനെ രക്ഷിക്കാൻ ചാടിയ അങ്കണവാടി അധ്യാപികയുടെ കാലൊടിഞ്ഞു. അങ്കണവാടി വർക്കർ കല്ലാർ വട്ടയാർ ചാത്തനാട്ടുവേലിയിൽ പ്രീതി (52) അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടികൾക്ക് ഭക്ഷണം കൊടുത്ത ശേഷം മുകളിലത്തെ നിലയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് കാൽ തെന്നി കുഞ്ഞ് താഴേക്ക് വീണത്. രണ്ടാം നിലയിലെ കൈവരിയിലെ കമ്പികൾക്കിടയിലൂടെ കുഞ്ഞ് ഇരുപതടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു.