വീട്ടിലിരുന്ന് തന്റെ കൂട്ടുകാരിയെ കുറിച്ച് സ്വപ്നം കണ്ടിരിക്കുകയായിരുന്നു നഴ്സറി വിദ്യാർഥിയായ കൊച്ചു പയ്യൻ. അപ്പോഴിതാ അവന്റെ വീട്ടുകാർ പറയുന്നു ‘ ഈ ഇരിക്കുന്ന 100 ഗ്രാമിന്റെ 2 സ്വർണക്കട്ടി ഇവൻ വലുതാകുമ്പോൾ വിവാഹം കഴിക്കുന്ന പെണ്ണിനുള്ളതാണ്’.
കേട്ടപാതി ആ സ്വർണക്കട്ടിയുമെടുത്ത് ചെക്കൻ അടുത്ത ദിവസം സ്കൂളിലെത്തി. എന്നിട്ട് തന്റെ പ്രിയതമയ്ക്ക് സ്വർണക്കട്ടിയും കൊടുത്ത് മാസായി വിവാഹാഭ്യർഥനയും നടത്തി.
കിട്ടിയ സ്വർണക്കട്ടിയുമായി കൂട്ടികാരി വീട്ടിൽ പോയി തന്റെ മാതാപിതാക്കളെ കാണിച്ചു. ഇത് കണ്ടതും ഞെട്ടിത്തരിച്ച് വീട്ടുകാർ കാര്യം അന്വേഷിച്ചു. അങ്ങനെയാണ് സംഭവത്തിന് പിന്നിലെ വിശദവിവരം വീട്ടുകാർ അറിയുന്നത്.
ഉടൻ തന്നെ മകളുടെ കൂട്ടുകാരന്റെ വീട്ടിലേക്ക് വിളിച്ച് കാര്യം അറിയിക്കുകയും 12 ലക്ഷത്തിന്റെ ആ സ്വർണക്കട്ടി അവർക്ക് കൈമാറുകയും ചെയ്തു.
കൊടുത്ത സമ്മാനം തിരികെ കിട്ടിയെങ്കിലെന്താ ഭാവിയിൽ അവന് പറയാം തന്റെ പ്രിയതമയ്ക്ക് ആദ്യമായി നൽകിയ സമ്മാനം ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണക്കട്ടിയാണെന്ന്.