പാറ്റ്ന: കൈത്തോക്കുമായി സ്കൂളിലെത്തിയ നഴ്സറി വിദ്യാർഥി മൂന്നാം ക്ലാസുകാരനെ വെടിവച്ചു. ബിഹാറിലെ സുപോൽ ജില്ലയിൽ ലാൽപത്തിയിലെ സ്വകാര്യ സ്കൂളിലാണു സംഭവം. കൈയിൽ വെടിയേറ്റ വിദ്യാർഥിയെ ഉടനെ ആശുപത്രിയിലെത്തിച്ചു.
സ്കൂൾ ബാഗിൽനിന്ന് തോക്കെടുത്താണു വെടിയുതിർത്തതെന്നു സഹപാഠികൾ സ്കൂൾ അധികൃതരെ അറിയിച്ചു. അഞ്ചു വയസുകാരനായ നഴ്സറി വിദ്യാർഥിക്കു കൈത്തോക്ക് എവിടെനിന്നു ലഭിച്ചുവെന്ന് പോലീസ് അന്വേഷിച്ചു വരുന്നു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്കൂളുകളിൽ വിദ്യാർഥികളുടെ ബാഗ് പരിശോധന കർശനമാക്കാൻ ജില്ലാ പോലീസ് മേധാവി ജില്ലയിലെ സ്കൂൾ പ്രിൻസിപ്പൽമാർക്കു നിർദേശം നൽകി.