സ്വന്തം ലേഖിക
കണ്ണൂർ: ഇന്ന് ലോക നഴ്സസ് ദിനം. കോവിഡ് ഭീതിയിൽ നാം ഓടിയൊളിക്കുന്പോഴും നമ്മളെ ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കാൻ പൊരുതുന്ന പോരാളികളുടെ ദിനം.
ജീവൻ കൊടുത്തും ലോകമെമ്പാടുമുള്ള മുഴുവൻ ജനങ്ങളെയും കരുതലോടെയും കാരുണ്യത്തോടെയും കാത്തു പരിപാലിക്കുന്ന ഓരോ മാലാഖമാർക്കും നേർന്നുകൊള്ളുന്നു ഈ ദിവസത്തിന്റെ മുഴുവൻ ആദരവും.
കോവിഡ് മഹാമാരി ലോകത്തെ പിടിമുറുക്കുന്പോൾ നമുക്ക് ചുറ്റും സംരക്ഷണവലയം തീർക്കുന്നവരുടെ കൂട്ടത്തിൽ മുന്നണി പോരാളികളാണ്നഴ്സുമാർ. കോവിഡ് തുടങ്ങിയപ്പോൾ മുതൽ ഇവരുടെ ജീവിതക്രമങ്ങൾ തെറ്റി.
ആരോടും പരിഭവവും പരാതിയുമില്ലാതെ ആശുപത്രികളിലും ക്ലിനിക്കുകളിലുമൊക്കെ പതിവിലും കൂടുതൽ സമയം ജോലി ചെയ്യുന്നു. ഇതിനിടയിൽ ചിലർ ഈ കത്തോടുതന്നെ വിടപറഞ്ഞു.
ശരീരത്തിന്റ ക്ഷീണവും തളർച്ചയും മാറ്റിവെച്ച് നീണ്ട ഷിഫ്റ്റുകളിൽ സ്വന്തം ജീവൻ പോലും പണയം വെച്ചുകൊണ്ട് കോവിഡ് പ്രതിരോധിക്കുന്പോൾ പരാതിയും പരിഭവങ്ങളും അവർക്ക് പറയാൻ ഏറെയുണ്ട്.
മാലാഖമാരെന്ന് വിളിക്കുന്പോളും തങ്ങൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നാണ് നഴ്സുമാർ പറയുന്നത്. കോവിഡുമായി പൊരുതുന്പോൾ ഓവർ ഡ്യൂട്ടി കാരണം തളർന്ന് പോകാറുണ്ട്.
എന്നാൽ തളർച്ചയിലും പിടിച്ചുനിർത്തുന്നത് തങ്ങളുടെ സേവനം കാത്ത് കഴിയുന്ന രോഗികളാണെന്നും നഴ്സുമാർ പറയുന്നു.
സർക്കാർ പ്രഖ്യാപിച്ച വേതന പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം.
നഴ്സിംഗ് എന്ന തൊഴിലിനെ ഒരു പുണ്യകർമ്മമായി തിരുത്തിയെഴുതിയ ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് നഴ്സസ് ദിനമായി ആചരിക്കുന്നത്. ഈ നഴ്സ് ദിനത്തിൽ അവരുടെ ആശങ്കകൾ ദീപികയുമായി പങ്കുവച്ചപ്പോൾ.
നഴ്സിംഗ് സമൂഹവും ആശങ്കയിൽ
കോവിഡിന്റെ രണ്ടാം വരവോടെ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ നഴ്സിംഗ് സമൂഹവും ആശങ്കയിലാണ്.
മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് നഴ്സുമാർക്ക് സ്വദേശത്തേക്ക് പോകാൻ പോലും കഴിയുന്നില്ല.
ജോലി ഭാരവും കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നത് കൊണ്ടും പലരും സ്വദേശത്തേക്ക് പോയിട്ട് കാലങ്ങളായി.
കോവിഡ് രോഗികൾ കുറഞ്ഞു എന്ന കാരണത്തിൽ കോവിഡ് അലവൻസ് നിർത്തലാക്കിയ ആശുപത്രി മാനേജുമെന്റുകൾ വീണ്ടും നൽകാൻ തയാറാകുമോയെന്ന് കണ്ടറിയണം.
വീടുകളിൽ നിന്നും ദിവസേന വന്ന് പോകുന്ന നഴ്സുമാർ വാഹന സൗകര്യം ഇല്ലാതെ പലപ്പോഴും ജോലിക്ക് എത്താൻ സാധിക്കാത്ത അവസ്ഥയും ഉണ്ട്.
ഇത് മറ്റ് നഴ്സ്മാരുടെ ജോലി ഭാരം വർധിപ്പിക്കും. സംസ്ഥാന സർക്കാർ ഈ കാലഘട്ടത്തിലും താൽക്കാലിക ജോലിയിൽ പ്രവേശിക്കുന്ന നഴ്സുമാർക്ക് നൽകുന്ന ശമ്പളം ദിവസം 600 രൂപയിൽ താഴെയാണ്.
കഴിഞ്ഞ ദിവസം കാസർഗോഡ് ജില്ലയിലെ കുറ്റിക്കോലിൽ കോവിഡ് ബാധിച്ച നഴ്സ് തളർന്നു വീണിട്ടും ആരും ആശുപത്രിയിൽ എത്തിച്ചില്ലായെന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടത്.
നഴ്സുമാർക്ക് ആവശ്യമായ സംരക്ഷണം ഉറപ്പ് വരുത്താൻ സർക്കാരുകൾ മുന്നോട്ട് വരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
ഡാർലിൻ ജോർജ് കടവൻ
(നാഷണൽ സെക്രട്ടറി, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ
………………………………………………………………………………………………………..
പരിഗണന വേണം, റിസ്ക് അലവൻസും
ആതുരസേവന രംഗത്ത് മുന്നണി പോരാളികളായി നിൽക്കുന്നുണ്ടെങ്കിലും നഴ്സുമാർക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ല. 2017-18 വർഷത്തിൽ പ്രഖ്യാപിച്ച വേതന പരിഷ്കരണം ഇതുവരെയും നടപ്പിലായിട്ടില്ല.
മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചത് കാരണം ആ ഓഡർ സ്റ്റേ ചെയ്തിരിക്കുകയാണ്. എന്നാൽ ഇതിൽ യാതൊരു തുടർ നടപടിയും എടുക്കാൻ സർക്കാർ തയ്യാറായിട്ടില്ല. സർക്കാർ പ്രഖ്യാപിച്ച വേതനം എല്ലാ നഴ്സുമാർക്കും ഉടൻ നൽകണം.
പന്ത്രണ്ട് മണിക്കൂർ തുടർച്ചയായി ജോലി വരുന്പോൾ ബുദ്ധിമുട്ടിലാകുന്നത് വനിതകളായ നഴ്സുമാരാണ്. ആർത്തവ സമയങ്ങളിൽ നാപ്കിൻ പോലൂം മാറ്റാൻ പറ്റാത്ത അവസ്ഥയാണ് അവർക്ക്.
ഡ്യൂട്ടി സമയം ആറു മണിക്കൂറായി കുറയ്ക്കണം. പല സ്വകാര്യ ആശുപത്രികളിലും 22 രോഗികൾക്ക് ഒരു നഴ്സാണ് ഉള്ളത്.
അതുകൊണ്ട് തന്നെ ഇവരെ ശരിയായ രീതിയിൽ പരിചരിക്കാൻ ഇവർക്ക് സാധിക്കുന്നില്ല. കോവിഡ് ഡ്യൂട്ടിയെടുക്കുന്ന നഴ്സ്മാർക്ക് റിസ്ക് അലവൻസ് നൽകാൻ സർക്കാരും മാനേജുമെന്റും തയാറാവണം.
വാക്സിൻ എടുക്കാത്ത നഴ്സ്മാരെ കോവിഡ് ഡ്യൂട്ടിക്ക് ഇടാതിരിക്കുക. എല്ലാ നഴ്സുമാർക്കും വാക്സിനെടുക്കാനുള്ള സൗകര്യം നൽകണം.
കൂടാതെ കോവിഡ് പോസിറ്റീവായ നഴ്സുമാർക്ക് ശന്പളത്തോട് കൂടിയുള്ള ലീവും സൗജന്യ ചികിത്സയും നൽകാൻ സർക്കാർ തയാറാവണം.
ലിബിൻ തോമസ്
( സംസ്ഥാന പ്രസിഡന്റ്, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ)
………………………………………………………………………………………………………….
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം
കോവിഡ് പ്രതിരോധത്തിൽ മുന്നണി പോരാളികളായി പലരും ഉണ്ടെങ്കിലും നഴ്സുമാരാണ് കൂടുതലായും രോഗികളുമായി ഇടപെടുന്നത്. എത്ര സുരക്ഷ സംവിധാനമുണ്ടെന്ന് പറഞ്ഞാലും പലപ്പോഴും പല നഴ്സ്മാർക്കും കോവിഡ് പോസിറ്റീവാകാറുണ്ട്. ഈ ലോക്ക്ഡൗൺ കാലയളവിൽ വാഹനങ്ങൾ പോലും ഇല്ലാതെ ബുദ്ധിമുട്ടിയാണ് പലരും ഡ്യൂട്ടിക്ക് എത്തുന്നത്.
എന്നാൽ ഇവർക്ക് ആവശ്യമായ വാഹന സൗകര്യമോ, ഭക്ഷണമോ, താമസസൗകര്യമോ ഒരുക്കാൻ മാനേജ്മെന്റോ സർക്കാരോ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.ഇഎസ്ഐ സംവിധാനം പോലും നഴ്സുമാർക്ക് നൽകുന്നില്ല. ചില ആശുപത്രികളിൽ സർക്കാർ പ്രഖ്യാപിച്ച അടിസ്ഥാന വേതനം നൽകുന്നുണ്ടെങ്കിലും പകുതിയിലേറെ ആശുപത്രികളിൽ ഇപ്പോഴും അത് നടപ്പിലായിട്ടില്ല. ഈ ഒരു സാഹചര്യത്തിലെങ്കിലും നഴ്സുമാർക്ക് അനുവദിച്ച വേതനം നൽകാൻ സർക്കാർ തയാറാവണം.
ജില്ലയിലെ ചില ആശുപത്രികളിൽ ഇപ്പോൾ സ്റ്റാഫുകൾ വളരെ കുറവാണ്. എന്നാൽ പുതുതായി സ്റ്റാഫിനെ എടുക്കാതെ ഉള്ള സ്റ്റാഫിനെ കൊണ്ട് പണിയെടുപ്പിക്കുന്ന സമീപനമാണ് പല ആശുപത്രികളും ഇപ്പോൾ സ്വീകരിക്കുന്നത്. 12 മണിക്കൂർ തുടർച്ചയായി പിപിഇ കിറ്റ് ധരിച്ച് ഇരിക്കുവായെന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഡ്യൂട്ടിയെടുക്കുന്ന നഴ്സുമാർക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മാനേജുമെന്റും സർക്കാറും തയാറാവണം.
……………………………………………………………………………………………………………………………………………………..
പിപിഇ കിറ്റിൽ നിൽപ്പ് ബുദ്ധിമുട്ട് തന്നെ
കഴിഞ്ഞ കുറെ നാളുകളായി എനിക്ക് കോവിഡ് ഡ്യൂട്ടിയാണ്. അത് കഷ്ടപ്പാടുള്ള കാര്യമല്ല. ശ്വാസം കിട്ടാതെ ഓരോ രോഗിയും കഷ്ടപ്പെടുന്നത് കാണുന്പോൾ സങ്കടമാവാറുണ്ട്. രോഗികളുടെ തിരക്കായതിനാൽ ഡ്യൂട്ടിക്ക് ഇപ്പോൾ ആള് കുറവാണ്. അതുകൊണ്ട് തന്നെ കൂടുതൽ സമയം ഡ്യൂട്ടി എടുക്കേണ്ടി വരാറുണ്ട്. പിപിഇ കിറ്റ് ധരിച്ച് മണിക്കൂറുകളോളം നിൽക്കുന്പോൾ ഏറെ പ്രയാസം അനുഭവിക്കാറുണ്ട്. പലരും തളർന്ന് വീഴാറുണ്ട്. ഈ പിപിഇ കിറ്റ് ഇട്ട് മരുന്നെടുക്കാനും ബ്ലഡ് കളക്ട് ചെയ്യാനും മറ്റും ഓടുകായെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
ബിജിനു പി.ബാബു
( നഴ്സ്, കണ്ണൂർ ജില്ലാ ആശുപത്രി)
……………………………………………………………………………………………………………………………………………………..
യാത്രാസൗകര്യം ഒരുക്കണം
ഈ സമയത്ത് കൂടുതൽ കർമനിരതരാവേണ്ടവരാണ് ഞങ്ങൾ നഴ്സുമാർ. എന്നാൽ ലോക്ക്ഡൗണായതോടെ വാഹന സൗകര്യമില്ലാതെ ഏറെ ബുദ്ധിമുട്ടുന്നതും ഞങ്ങൾ നഴ്സുമാരാണ്. പലപ്പോഴും സമയത്ത് എത്താൻ കഴിയാറില്ല. ഫുൾഡേ ഡ്യൂട്ടി ഇടുന്പോൾ അങ്ങോട്ടും ഇങ്ങോട്ടും യാത്രചെയ്ത് തീർക്കാനെ സമയമുള്ളു. മതിയായ യാത്ര സൗകര്യം ഒരുക്കുവാണേൽ കൂടുതൽ ഉപകാരമായേനെ.
അഞ്ജു ജോയ്
(നഴ്സ്, എകെജി ആശുപത്രി)
……………………………………………………………………………………………………………………………………………………..
മുന്നിൽ നിന്ന് പോരാടാൻ തയാർ
നഴ്സിംഗ് ഒരുപാട് ഇഷ്ടപ്പെട്ട് തെരഞ്ഞെടുത്തൊരു ജോലിയാണ്. ഞാൻ ഇപ്പോൾ ജോലിക്ക് കയറിയിട്ട് 4 വർഷത്തോളമായി. തികഞ്ഞ സംതൃപ്തിയോടെയാണ് ഇപ്പോഴും ജോലിചെയ്യുന്നത്.
ഈ ചുരുങ്ങിയ വർഷം കൊണ്ട് തന്നെ ഒരുപാട് പേർക്ക് സ്വാന്തനമകാൻ സാധിച്ചിട്ടുണ്ട്.ഓവർ ഡ്യൂട്ടി വരുന്പോഴും ഒരു ബുദ്ധിമുട്ട് തോന്നാറില്ല. ഈ ഒരു സാഹചര്യത്തിൽ മുന്നിൽ നിന്ന് പോരാടേണ്ടത് ഞങ്ങൾ തന്നെയാണ്.
നീതു സുകുമാരൻ
(നഴ്സ്, കണ്ണൂർ ജില്ലാശുപത്രി)