കണ്ണൂർ: നഴ്സുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാരിന് പോരായ്മയുണ്ടെന്നും ഇതിനു പ്രധാന കാരണം സാമ്പത്തിക പ്രയാസമാണെന്നും മന്ത്രി കെ.കെ. ശൈലജ. നഴ്സസ് വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനസമ്മേളനം കണ്ണൂർ നായനാർ അക്കാദമിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. നഴ്സുമാരുടെ ശന്പളപ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമം നടത്തും.
കിഫ്ബിയിൽനിന്ന് പണം ലഭിച്ചതിനാൽ പത്തുവർഷംകൊണ്ട് ചെയ്യേണ്ട കാര്യങ്ങൾ മൂന്നുവർഷംകൊണ്ട് ആരോഗ്യമേഖലയിൽ ചെയ്യാൻ സാധിച്ചു. ആരോഗ്യരംഗത്തെ ആവശ്യങ്ങൾ അത്രമാത്രം വലുതാണ്. എന്നാൽ ഫണ്ടിന്റെ കുറവ് വികസനത്തെ ബാധിക്കുന്നുണ്ട്. കൂടുതൽ ഫണ്ടിനായി കേന്ദ്രസർക്കാരിനെ ആശ്രയിക്കും. കേന്ദ്ര ഫണ്ട് ഔദാര്യമല്ല. കിഫ്ബി ഫണ്ട് ലഭിച്ചതിനാൽ നിരവധി പദ്ധതികൾ നടപ്പിലാക്കാനായി.
ആരോഗ്യരംഗം മാറുകയാണ്. നഴ്സുമാരുടെ സർവീസ് പ്രശ്നം ഒരു പരിധിവരെ പരിഹരിച്ചിട്ടുണ്ട്. സാന്പത്തികസ്ഥിതി അനുവദിച്ചാൽ കൂടുതൽ പരിഷ്കാരങ്ങൾ നടപ്പിലാക്കും. കേരളത്തിലെ നഴ്സുമാർ വളരെ കഴിവുള്ളവരാണ്. നഴ്സുമാർക്ക് കൂടുതൽ ആധുനിക പരിശീലനം നൽകും. അർഹതയുള്ളവരെ കണ്ടെത്തി വിദേശത്തയച്ച് പഠിപ്പിക്കും. ഘട്ടംഘട്ടമായി നഴ്സിംഗ് മേഖലയെ ഉയർന്ന നിലവാരത്തിലേക്ക് കൊണ്ടുവരികയാണു ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.