നിപ്പാ വൈറസ് കേരളത്തില്‍ നിന്ന് വിട്ടൊഴിയാതെ തുടരുന്ന സാഹചര്യത്തില്‍, പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്സുമാരോടെ നാട്ടുകാരും വീട്ടുകാരും അകലം പാലിക്കുന്നതായി പരാതി. നഴ്സുമാര്‍ ഇക്കാര്യം സൂചിപ്പിച്ച് നല്കിയ പരാതി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറുകയും ചെയ്തു. ബസിലും ഓട്ടോറിക്ഷയിലും കയറ്റാന്‍ സമ്മതിക്കുന്നില്ലെന്നും വീട്ടിലുള്ളവര്‍ പോലും അകലം പാലിക്കുന്നെന്നുമാണ് ഇവര്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
നിപ്പാ വൈറസ് മൂലമുള്ള ആദ്യം മരണം റിപ്പോര്‍ട്ട് ചെയ്തത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലായിരുന്നു. വൈറസ് ബാധിച്ച് മരിച്ച നഴ്സ്, ലിനിയും ഇവിടെയായിരുന്നു ജോലി ചെയ്തിരുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം കൂടി ശക്തമായതോടെ അടുത്ത ബന്ധുക്കള്‍ പോലും വീട്ടില്‍ കയറ്റാന്‍ മടിക്കുന്നെന്നാണ് ഇവരുടെ ആരോപണം.
പേരാമ്പ്രയിലെ താലൂക്ക് ആശുപത്രിയില്‍ 11 സ്ഥിരം നഴ്സുമാരും അഞ്ച് എന്‍ആര്‍എച്ച് നഴ്സുമാരുമാണ് ജോലി ചെയ്യുന്നത്. ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചിരുന്ന മൂന്ന് കരാര്‍ നഴ്സുമാരും ഇപ്പോള്‍ ജോലിയ്ക്ക് വരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ ഈ ആശുപത്രിയിലേയ്ക്ക് രോഗികളും വരാന്‍ മടിക്കുകയാണ്.