കൊച്ചി: നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കങ്ങള്‍ക്ക് തുരങ്കം വച്ച് ആശുപത്രി മുതലാളിമാര്‍. നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെയും സുപ്രിം കോടതിയുടെയും നിര്‍ദ്ദേശത്തെ പാടെ അവഗണിച്ചു കൊണ്ടാണ് ഇപ്പോള്‍ ആശുപത്രി മുതലാളിമാര്‍ കടുംപിടുത്തം തുടരുന്നത്.ഇതോടെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാനുള്ളശ്രമം പരാജയപ്പെട്ടു. ഹൈക്കോടതി മീഡിയേഷന് കമ്മിറ്റി നടത്തിയ ചര്‍ച്ചയാണ് പരാജയത്തില്‍ കലാശിച്ചത്.
20,000 രൂപ അടിസ്ഥാനശമ്പളം വേണമെന്ന ആവശ്യത്തില്‍ നഴ്സുമാര്‍ ഉറച്ചുനിന്നു. കേന്ദ്രസര്‍ക്കാറും സുപ്രീംകോടതിയുടെ ഉത്തരവും തങ്ങള്‍ക്ക് അനുകൂലമാണെന്നും അവര്‍ വാദിച്ചു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ആവില്ലെന്ന് ആശുപത്രി മാനേജ്മെന്റുകള്‍ നിലപാടെടുത്തതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. സ്വകാര്യ ആശുപത്രി മുതലാളിമാരുടെ ഈ തീരുമാനത്തില്‍ എതിര്‍പ്പു രേഖപ്പെടുത്തിയ നഴ്സുമാര്‍ നാളെ മുതല്‍ വലിയ സമരത്തിലേക്ക് കടക്കാനാണ് തീരുമാനം. നാള കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് നഴ്സുമാരുടെ സംഘടനകളായ യുഎന്‍എയും ഐഎന്‍എയും അറിയിച്ചു.
നഴ്സുമാരുടെ വേതനം സംബന്ധിച്ച സുപ്രീംകോടതിയുടെ നിര്‍ദ്ദേശം നടപ്പിലാക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം. സ്വകാര്യ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളും, നഴ്സിങ് സംഘടനകളുടെ പ്രതിനിധികളുമായാണ് മീഡിയേഷന് കമ്മിറ്റി ചര്‍ച്ചനടത്തിയത്. 17,200 രൂപയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കുറഞ്ഞ ശമ്പളം. എന്നാല്‍ ഈ നിര്‍ദ്ദേശം സ്വീകാര്യമല്ലെന്നും സുപ്രീം കോടതി നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്ത 20,000 രൂപ കുറഞ്ഞ ശമ്പളമായി ലഭിക്കണമെന്നുമാണ് നഴ്സുമാരുടെ നിലപാട്. ഈ തിങ്കളാഴ്ച മുതല്‍ നഴ്സുമാര്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് വ്യാഴാഴ്ച ചര്‍ച്ച നടത്താമെന്നു തീരുമാനമായതോടെ ഒരു വിഭാഗം നഴ്സുമാര്‍ സമരത്തില്‍നിന്നു താല്‍ക്കാലികമായി പിന്മാറിയത്. നേരത്തെ സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് നഴ്സുമാര്‍ അനിശ്ചിതകാല സമരത്തില്‍ നിന്നും പിന്മാറിയത്.
എന്നാല്‍ ഇപ്പോഴത്തെ നിലയില്‍ ഇതെല്ലാം വൃഥാവിലാവുന്ന ലക്ഷണമാണ് കാണുന്നത്. ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുള്ള സമീപനം കണക്കിലെടുത്ത് സമ്പൂര്‍ണമായി സഹകരിക്കാന്‍ യു.എന്‍.എ നേരത്തെ മുതല്‍ തയ്യാറായിരുന്നു. സുപ്രീംകോടതി 50 ബെഡില്‍ കുറഞ്ഞ കിടക്കകളുള്ള ആശുപത്രികള്‍ക്ക് കുറഞ്ഞ വേതനമായി നിശ്ചയിച്ചതാണ് 20,000 രൂപ. അതെങ്കിലും ലഭ്യമാക്കണമെന്ന ആവശ്യമാണ് നഴ്സുമാരുടേത്. എന്നാല്‍, ഈ നിര്‍ദ്ദേശത്തെ സര്‍ക്കാര്‍ തള്ളിയതോടെ സമരം കൂടുതല്‍ ശക്തമാക്കാനാണ് നഴ്സിങ് സംഘടനകളുടെ തീരുമാനം.എസ്മ പ്രയോഗിക്കുമെന്ന സാഹചര്യമുണ്ടായാല്‍ കൂട്ട അവധിയെടുക്കുന്നതടക്കമുള്ള സമരപരിപാടികളാണ് നേരത്തേ യു.എന്‍.എ ആലോചിച്ചിരുന്നത്.
എന്നാല്‍, സര്‍ക്കാരിന്റെ ഇടപെടല്‍ സുഗമമാക്കാനും ഹൈക്കോടതിയുടെ നിയമനടപടികളുടെ പൂര്‍ത്തീകരണത്തിനു സഹകരിക്കണമെന്നും പല കേന്ദ്രങ്ങളില്‍ നിന്നു സമ്മര്‍ദമുണ്ടായി. മീഡിയേഷന് കമ്മിറ്റിയില്‍ ആശുപത്രി മാനേജുമെന്റുകളുടെ പ്രതിനിധികളുണ്ടാകുമെന്നതും പരിഗണിച്ചു. നിയമപരമായ ഇടപെടലിനുള്ള വഴി തുറന്നുകിട്ടുന്നതും ഗുണകരമാകുമെന്നാണ് വിലയിരുത്തി. എന്നാല്‍ ഈ പ്രതീക്ഷകളെല്ലാം അസ്ഥാനത്താകുകയായിരുന്നു. ഇതോടെയാണ് സമരവുമായി മുന്നോട്ടു പോകാന്‍ നഴ്സുമാര്‍ തീരുമാനിച്ചത്.