കൊടുങ്ങല്ലൂർ: നഴ്സുമാർക്ക് സർക്കാർ പ്രഖ്യാപിച്ച ശന്പളപരിഷ്കരണം നടപ്പാക്കാനാവാതെ സ്വകാര്യ ആശുപത്രികൾ അടച്ചുപൂട്ടാൻ ഒരുങ്ങുന്പോൾ സ്ഥാപനത്തിന്റെ നിലനിൽപ്പിനായി ശന്പളവർധന വേണ്ടെന്ന പ്രഖ്യാപനവുമായി കൊടുങ്ങല്ലൂരിലെ ഒരുവിഭാഗം നഴ്സുമാർ ജോലി ചെയ്യാൻ തയാറാകുന്നു.
1600ൽപരം പ്രവാസികളുടെ കൂട്ടായ്മയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന മോഡേണ്‍ ആശുപത്രിയിലെ ജീവനക്കാരാണ് ശന്പളവർധന വേണ്ടെന്നുവച്ച് ജോലിക്ക് തയാറായിട്ടുള്ളത്. നേരത്തെ പ്രഖ്യാപിച്ചതിലും 160 ശതമാനം ശന്പളവർധന നടപ്പിലാക്കാനാണ് സർക്കാർ നിർദേശം.
ഇതനുസരിച്ച് പ്രവർത്തിക്കാൻ ആശുപത്രികൾക്ക് കഴിയില്ലെന്നും സ്ഥാപനം അടച്ചുപൂട്ടേണ്ടിവരുന്പോഴുള്ള ജോലി തന്നെ നഷ്ടപ്പെട്ടേക്കുമെന്ന തിരിച്ചറിവും ഭീതിയുമാണ് – ഇത്തരത്തിൽ തീരുമാനത്തിലെത്താൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് മോഡേണ്‍ ആശുപത്രി സ്റ്റാഫ് വെൽഫെയർ സൊസൈറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പിടിച്ചുനിൽക്കാൻ ചാർജുകൾ വർധിപ്പിക്കുന്പോൾ അതിന്റെ പ്രത്യാഘാതം സാധാരണക്കാരായ ജനങ്ങൾക്കാകും എന്നത് വർഷങ്ങളായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന തങ്ങൾക്ക് വ്യക്തമാകുമെന്ന് സൊസൈറ്റി പ്രസിഡന്റ് വേണുഗോപാൽ മേനോൻ, സെക്രട്ടറി രേണുക വർമ്മ, എച്ച്ആർ മാനേജർ ഷീബ മത്തായി എന്നിവർ പറഞ്ഞു.
ആശുപത്രിയിലെ മുഴുവൻ ജീവനക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ഈ തിരുമാനമെന്നും അവർ വ്യക്തമാക്കി. ശന്പളവർധന ആവശ്യപ്പെട്ട് നഴ്സുമാരുടെ സംഘടന കൂട്ട അവധിയെടുത്ത് ബുധനാഴ്ച മുതൽ സമരരംഗത്തിറങ്ങുന്പോൾ മോഡേണ്‍ ആശുപത്രിയെ ഇത് ബാധിക്കില്ല. ഫിനാൻസ് മാനേജർ ജാസ്മിൻ ഗഫൂർ, പബ്ലിക് റിലേഷൻ ഓഫീസർ ചന്ദ്രികമേനോൻ എന്നിവരും ഭൂരിപക്ഷം ജീവനക്കാരും മാനേജ്്മെന്റിനു പിന്തുണ പ്രഖ്യാപിച്ച് വാർത്താ സമ്മേളനത്തിനു എത്തിയിരുന്നു.