തിരുവനന്തപുരം: ലോകത്തിന് അഭിമാനമാണ് മലയാളി നഴ്സുമാരെന്ന് ആരോഗ്യ, സാമൂഹ്യനീതി, വനിത- ശിശുവികസന മന്ത്രി കെ.കെ. ശൈലജ. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ലോകമെമ്പാടും ഇന്ന് നഴ്സസ് ദിനം ആചരിക്കുന്നതെന്ന് അവർ പ്രസിദ്ധീകരണത്തിനു നൽകിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടി.
ആധുനിക ആതുരസേവന രീതികള്‍ക്ക് തുടക്കം കുറിച്ച മഹത് വനിതയായ ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് നഴ്സസ് ദിനമായി ആചരിക്കുന്നത്.
1854- 56 ലെ ക്രിമിയന്‍ യുദ്ധത്തില്‍ പരിക്കേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നതിനായി രാത്രിയിലും കത്തിച്ച റാന്തല്‍ വിളക്കുമായി നടന്ന ആ മഹതി “വിളക്കേന്തിയ വനിത’ എന്ന് ലോകമെമ്പാടും അറിയപ്പെട്ടു. ഈ കാലഘട്ടം ആധുനിക നഴ്സിംഗ് മേഖലയ്ക്കുള്ള വഴിത്തിരിവായിരുന്നു.
മാതാപിതാക്കളുടെ എതിര്‍പ്പ് അവഗണിച്ചാണ് ഫ്ളോറന്‍സ് നൈറ്റിംഗേല്‍ നഴ്സിംഗ് പഠനം നടത്തിയത്. അക്കാലത്ത് നഴ്സിംഗ് സമൂഹം അംഗീകരിക്കുന്ന അന്തസുറ്റ ജോലിയായിരുന്നില്ല. എന്നാല്‍, ആതുര സേവനത്തിന്റെ മാഹാത്മ്യം ലോകത്തെ ബോധ്യപ്പെടുത്തുവാന്‍ ഫ്ളോറന്സിന് കഴിഞ്ഞു.
രോഗികളുടെ എണ്ണം, മരണനിരക്ക് തുടങ്ങിയ കണക്കുകളുടെ പിന്‍ബലത്തോടെ ചികിത്സ ശാസ്ത്രീയമാക്കാന്‍ തുടക്കം കുറിച്ചത് ഫ്ളോറന്‍സ് നൈറ്റിംഗേലാണ്.
ഇന്നത്തെ കോവിഡ് -19 ന്റെ നാളുകളില്‍ അവര്‍ ആവിഷ്കരിച്ച ചില പ്രവര്‍ത്തന രീതികള്‍ പ്രസക്തമാണ്. ശുചിത്വം പാലിക്കുന്നതിനും പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ഇടയ്ക്കിടെ കൈ കഴുകുന്നതിനും അവര്‍ പ്രേരിപ്പിക്കുകയുണ്ടായി.
നഴ്സിംഗ് ജോലി ഇന്നേറ്റവും ആകര്‍ഷകമായ ജോലികളിലൊന്നാണ്. മലയാളി നഴ്സുമാര്‍ ലോകമെമ്പാടും ജോലി ചെയ്യുന്നു. വിദ്യാഭ്യാസവും കഠിനാധ്വാനവും അര്‍പ്പണമനോഭാവവും ആണ് വിദേശ രാജ്യങ്ങളില്‍ അവര്‍ക്ക് അംഗീകാരം നേടിക്കൊടുക്കുന്നത്.
കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം അവസാനിച്ചിട്ടില്ല. എങ്കിലും എന്തും നേരിടാനുള്ള ധൈര്യത്തോടെ മുന്നണി പോരാളികളായി നഴ്സുമാര്‍ അണിനിരക്കുന്നു. നിപ വൈറസിനെ ചെറുക്കുന്നതിനിടയില്‍ ജീവന് നഷ്ടപ്പെടേണ്ടി വന്ന ലിനിയുടെ ഓര്മ ഈ നഴ്സസ് ദിനത്തിലും മനസില്‍ നൊമ്പരമായി നിറയുന്നു.
സംസ്ഥാനത്ത് നഴ്സസ് വാരാഘോഷവും നഴ്സസ് ദിനാചര്‍ണവും വളരെ വിപുലമായ രീതിയില്‍ നടത്തിവന്നിരുന്നു. ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യത്തില്‍ വിപുലമായി ആഘോഷിക്കാന്‍ കഴിഞ്ഞില്ല.
അതുപോലെ മികച്ച സേവനം കാഴ്ചവച്ചവര്‍ക്കുള്ള അവാര്‍ഡ് ദാനവും ഈ സുദിനത്തില്‍ നല്‍കാനായില്ല. എങ്കിലും ഓരോരുത്തരും നല്കിയ മികച്ച സേവനങ്ങള്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് എന്നുള്ളത് എവരേയും അറിയിക്കുന്നു.
ഈ കോവിഡ് കാലഘട്ടത്തില്‍ എല്ലാ നഴ്സുമാരും സര്‍ക്കാരിനൊപ്പം മുന്നണിപ്പോരാളികളാായി ഒപ്പം നില്‍ക്കുകയാണ്. നാടിനെ മഹാമാരിയില്‍ നിന്നു രക്ഷിക്കാന്‍ ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നു മന്ത്രി പറഞ്ഞു.