കോഴഞ്ചേരി: സുഖമില്ലാതെ കിടപ്പിലായ പിതാവിനെ ശുശ്രൂഷിക്കാൻ വീട്ടിൽ നിർത്തിയ പുരുഷ നഴ്സ് വീട്ടമ്മയുടെ സ്വർണാഭരണങ്ങളും പണവും അപഹരിച്ചു.
കേസിൽ കട്ടപ്പന കുന്തളംപാറ തവളപ്പാറ മാറ്റത്തിൽ വീട്ടിൽ പ്രദീപ് കുമാറിനെ (39)കോയിപ്രം പോലീസ് അറസ്റ്റു ചെയ്തു.
കവിയൂർ പടിഞ്ഞാറ്റുശേരി ചിറത്തലക്കൽ രഞ്ജി ജോർജിന്റെ ഭാര്യ ഷിജിമോൾ മാത്യുവിന്റെ ആഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്.
കുടുംബവീടായ തെള്ളിയൂർ മുണ്ടനിൽക്കുന്നതിൽ വീട്ടിൽ ഷിജിയുടെ പിതാവിനെ പരിചരിക്കാനെത്തിയതാണ് ഇയാൾ.
കഴിഞ്ഞ ഓഗസ്റ്റ് 14നാണ് യുവാവ് ഷിജിമോളുടെ അച്ഛനെ പരിചരിക്കാനെത്തിയത്. മൂന്നുദിവസം കഴിഞ്ഞപ്പോൾ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് പവൻ തൂക്കമുള്ള സ്വർണവളയും രണ്ട് ഗ്രാം തൂക്കം വരുന്ന ഒരുജോഡി സ്വർണക്കമ്മലും രണ്ട് പവന്റെ മോതിരവും, 10000 രൂപയും നഷ്ടപ്പെട്ടു.
വീട്ടിൽ നിന്നും പുരുഷനഴ്സിനെ കാണാതായതോടെ സെപ്റ്റംബർ ഒന്നിന് ഷിജിമോൾ കോയിപ്രം സ്റ്റേഷനിലെത്തി മൊഴിനൽകിയതിനെത്തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
കോഴഞ്ചേരിയിലെ സ്വകാര്യ ഏജൻസിയാണ് പ്രദീപിനെ ഏർപ്പാടാക്കിക്കൊടുത്തതെന്ന് മൊഴിയിൽ വ്യക്തമാക്കിയിരുന്നു.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം പ്രതിക്കായുള്ള അന്വേഷണം വ്യാപകമാക്കിയതിനെ തുടർന്ന് ഇയാളെ കട്ടപ്പന ഇരുപതേക്കറിൽ നിന്ന് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് കട്ടപ്പന സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു.
ഇരുപതേക്കറിൽ ഇയാളും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി, കിടപ്പുമുറിയിലെ മേശയുടെ വലിപ്പിൽ നിന്നും കമ്മൽ കണ്ടെടുത്തു. മോഷ്ടിച്ച മറ്റ് സ്വർണവും പണവും കണ്ടെടുക്കാനായിട്ടില്ല,
പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു. പ്രദീപ് കുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐ പ്രകാശ്, എഎസ്ഐ വിനോദ് കുമാർ, എസ്സിപിഒ ജോബിൻ, സിപിഒ അഭിലാഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.