കടുത്തുരുത്തി; ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ മുങ്ങി നടന്ന പ്രതിയെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. ഹോങ്കോങ്ങിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് പത്തനംതിട്ട സ്വദേശിയിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോതനല്ലൂർ സ്വദേശി പ്രവീണ്‍ തങ്കച്ചൻ (38) നെയാണ് അറസ്റ്റ് ചെയ്തതെന്നു കടുത്തുരുത്തി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് മൂന്നുപേർകൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.
2017 മാർച്ചിലാണ് സംഭവം. ഹോങ്കോങ്ങിൽ നഴ്സിംഗ് ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പത്തനംതിട്ട കിടങ്ങന്നൂർ രശ്മി നിവാസിൽ രവീന്ദ്രനോട് നാല് ലക്ഷം രൂപ പ്രവീണും കൂട്ടരും ആവശ്യപ്പെട്ടു. പണമിടുന്നതിനായി ബാങ്ക് അക്കൗണ്ട് നന്പറും ഇവർ നൽകി.
എന്നാൽ രവീന്ദ്രൻ ഒരു ലക്ഷം രൂപയാണ് അക്കൗണ്ടിൽ ഇട്ടത്. ബാക്കി പണം ജോലി ലഭിച്ചതിന് ശേഷം നൽകാമെന്ന് ഇവരോട് പറയുകയും ചെയ്തു. പണം അക്കൗണ്ടിൽ നിന്ന് പ്രവീണും സംഘവും പിൻവലിച്ച ശേഷം മാസങ്ങൾ കഴിഞ്ഞിട്ടും ജോലി നൽകാതെ മുങ്ങി നടക്കുകയായിരുന്നു.
പിന്നീട് പലതവണ ഫോണിൽ വിളിച്ചിട്ട് എടുക്കാതെ വന്നതോടെ രവീന്ദ്രൻ കടുത്തുരുത്തി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതറിഞ്ഞ് നാടുവിട്ട പ്രതി പ്രവീണിനെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു.
മാസങ്ങളായി തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ചു വരികയായിരുന്ന പ്രവീണ്‍ ശനിയാഴ്ച്ച രാത്രിയിൽ വീട്ടിലേക്ക് വരുന്നതിനായി കോതനല്ലൂരിൽ എത്തിയപ്പോൾ വിവരമറിഞ്ഞ് പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.