മാവേലിക്കര: മാനസിക പീഡനം കാരണം പഠനം നിര്‍ത്തിയ നഴ്സിങ് വിദ്യാര്‍ഥിനി ഏജന്റിനെതിരെ പരാതി നല്കി. തെക്കേക്കര സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം കുറത്തികാട് പോലീസ്, ഏജന്റിനെതിരെ കേസെടുത്തു.
കരുനാഗപ്പള്ളിയില്‍ ഓഷ്യന്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് എന്ന സ്ഥാപനം നടത്തി വരുന്ന ആലപ്പാട് ആയിരംതെങ്ങ് ശ്രുതി നിവാസില്‍ അനന്തുലാല്‍ (26) എന്നയാളിനെതിരെ ബാംഗ്ലൂര്‍ ആചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസ് എന്ന കോളജിലെ ഒന്നാം വര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥിനിയാണ് മുഖ്യമന്ത്രിക്കും വനിതാസെല്ലിനും കുറത്തികാട് പോലീസിനും പരാതി നല്‍കിയത്.
2020 സെപ്റ്റംബറിലാണ് വിദ്യാര്‍ഥിനി അനന്തുലാലിന്റെ ഏജന്‍സി വഴി അഡ്മിഷന് എടുത്തത്. കോളജ് ഹോസ്റ്റലില്‍ താമസിച്ചു വന്ന വിദ്യാര്‍ഥിനിയെയും സുഹൃത്തുക്കളെയും അനന്തുലാല്‍ പിന്നീട് ഇയാളുടെ പരിചയത്തിലുള്ള മറ്റൊരിടത്തേക്ക് പേയിങ് ഗസ്റ്റ് എന്ന നിലയില്‍ കൊണ്ടുപോയി താമസിപ്പിച്ചു.
30000 രൂപ ഡെപ്പോസിറ്റും താമസത്തിനും ഭക്ഷണത്തിനുമായി 7000 രൂപ മാസവാടകയും എന്ന കരാറിലാണ് വിദ്യാര്‍ഥിനികള്‍ ഇവിടെ താമസം തുടങ്ങിയത്. രണ്ടുമാസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയെയും മറ്റു നാലു പേരേയും തമ്മനഹള്ളിയിലുള്ള തന്റെ ഫ്ളാറ്റിലേക്ക് അനന്തുലാല്‍ മാറ്റി.
ഇതിനിടയില്‍ അനന്തുലാല്‍ തന്റെ കൂടെ താമസിച്ച സുഹൃത്തുമായി പ്രണയത്തിലായെന്നും തന്നെയും വരുതിയിലാക്കാന്‍ ശ്രമിച്ചതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. തന്റെ ആവശ്യങ്ങള്‍ക്ക് വഴിപ്പെടാതിരുന്നപ്പോള്‍ അനന്തുലാല്‍ നിരവധി തവണ ശാരീരികമായും ഉപദ്രവിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു.
അവധിക്ക് നാട്ടിലെത്തിയപ്പോള്‍ വീട്ടിലെത്തി, മാതാപിതാക്കളെയും തന്നെയും ഭീഷണിപ്പെടുത്തി.ഫ്ളാറ്റില്‍ വച്ച് കത്തികൊണ്ടും പൊട്ടിച്ച ബിയര്‍കുപ്പി കൊണ്ടും ആക്രമിക്കാൻ ശ്രമിച്ചു. ഫീസ് അടക്കാന്‍ എന്ന പേരില്‍ അനന്തുലാല്‍ വാങ്ങിയ 3,28,000 രൂപയില്‍ 2,15,000 രൂപ മാത്രമാണ് കോളേജില്‍ അടച്ചിരുന്നുള്ളൂ.
തന്നെ മാനസികമായി പീഡിപ്പിക്കുകയും ലൈംഗികമായും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും കബളിപ്പിച്ച് പണം തട്ടിയെടുക്കുകയും ചെയ്ത അനന്തുലാലിനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയിലുണ്ട്.
പോലീസിന്റെ ഭാഗത്തു നിന്നു വൻ വീഴ്ച ഉണ്ടായെന്ന് പെൺകുട്ടി പറയുന്നു. പരാതി നൽകി ഒരു മാസമായിട്ടും നടപടി ഒന്നുമായിരുന്നില്ല. മുഖ്യമന്ത്രിയ്ക്കും ഡിവൈഎസ്പിയ്ക്കും പരാതി നൽകിയ ശേഷമാണ് ഒരു മാസത്തിന് ശേഷം മൊഴി എടുക്കാൻ പോലീസ് എത്തിയത്.
പോലീസ് വാഹനത്തിൽ യൂണിഫോമിലാണ് കുറത്തികാട് പോലീസ് വീട്ടിൽ എത്തി മൊഴി ശേഖരിച്ചതെന്നും തൻ്റെ മൊഴിയിൽ പ്രതിയുടെ സുഹൃത്തിനെ പറ്റി പറയുന്നുണ്ടെങ്കിലും അത് എഫ്.ഐ.ആറിൽ ചേർത്തിട്ടില്ലയെന്നും പെൺകുട്ടി പറയുന്നു.