പലപ്പോഴും ദൈവം പ്രവര്‍ത്തിക്കുക മനുഷ്യരിലൂടെയാണെന്ന് പറയാറുണ്ട്. പലര്‍ക്കും രക്ഷകരായി ദൈവനിയോഗം പോലെയാവും പലരുടെയും ആഗമനം.
ആനിയുടെയും കുഞ്ഞിന്റെയും ജീവിതത്തില്‍ എത്തിയ ആ മാലാഖ റിനു എന്ന 22കാരിയായിരുന്നു.
പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശിയായ ആനിയും കുഞ്ഞും ഇന്ന് ജീവനോടിരിക്കുന്നുവെങ്കില് നന്ദി പറയേണ്ടത് റിനുവിന്റെ സമയോചിതമായ ഇടപെടലിനാണ്.
വാടകവീട്ടില്‍ ആനി ഭര്‍ത്താവിനൊപ്പം കഴിഞ്ഞ് വരികയായിരുന്നു. ഗര്‍ഭകാലത്ത് കൃത്യമായ പരിചരണമോ, മരുന്നുകളോ ലഭിക്കാത്തതിനാല്‍ ആനി വളരെ അവശയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് ആനിക്ക് പ്രസവ വേദന ആരംഭിച്ചത്. വീടിന് പുറത്തിറങ്ങാന്‍ ശ്രമിക്കവെ പ്രസവ വേദനയില്‍ ആനി പുളയുകയായിരുന്നു.
ആനിയുടെ നിലവിളി കേട്ടാണ് പുലര്‍ച്ചെ ജോലിക്ക് പോകാനായി അതി വഴി കടന്നുപോയ റിനു ഓടിയെത്തിയത്. ഈ സമയം ആനിയുടെ ഭര്‍ത്താവ് സുരേഷ് വീട്ടില്‍ ഉണ്ടായിരുന്നില്ല.
എറണാകുളം ലിസി ആശുപത്രിയില്‍ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് റിനു. എന്നാല്‍ ഗര്‍ഭകാല പരിചരണത്തില്‍ ഒരു മുന്‍പരിചയവും റിനുവിന് ഉണ്ടായിരുന്നില്ല.
” വൈദ്യുതിയില്ലാത്തിനാല്‍ മെഴുകുതിരി കത്തിച്ചാണ് ഞാന്‍ അവരുടെ അരികില്‍ എത്തിയത്. എവിടെ നിന്നോ ഒരു ബ്ലേഡ് സംഘടിപ്പിച്ച് അമ്മയെയും കുഞ്ഞിനെയും വേര്‍പെടുത്തി.
അപ്പോഴേക്കും ആംബുലന്‍സിലേക്കും വിളിച്ചു പറഞ്ഞിരുന്നു. കുഞ്ഞിനെ കൈയ്യില്‍ എടുത്ത് തുടച്ച്, വേഗത്തില്‍ തന്നെ അമ്മയെയും വൃത്തിയാക്കി. രണ്ട് പേരുടെയും ജീവന് കുഴപ്പമില്ലെന്നും പറഞ്ഞപ്പോഴാണ് അശ്വാസമായതെന്ന് റിനു പറയുന്നു.