തൃശൂർ: സ്വാശ്രയ നഴ്സിംഗ് കോളജുകൾക്കെതിരെ കർശന നടപടിക്ക് ആരോഗ്യസർവകലാശാലയുടെ നീക്കം. സർവകലാശാല നിഷ്കർഷിക്കുന്ന സൗകര്യങ്ങൾ ഇല്ലാത്ത ആറ് നഴ്സിംഗ് കോളജുകളുടെ അംഗീകാരം പിൻവലിക്കാനാണ് തീരുമാനം. ഏഴ് നഴ്സിംഗ് കോളജുകളുടെ സീറ്റുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്യും.
തിരുവനന്തപുരത്തു നടന്ന ഗവേണിംഗ് കൗണ്‍സിൽ യോഗത്തിലാണ് തീരുമാനം. ആരോഗ്യ സർവകലാശാലയ്ക്കു കീഴിലുളള സ്വാശ്രയ നഴ്സിംഗ് കോളജുകളെക്കുറിച്ച് പരാതികൾ ഉയർന്നിരുന്നു. ഈ പരാതികൾ പരിഹരിക്കാനായി സർവകലാശാല പ്രത്യേക പരിശോധനാസംഘത്തെയും നിയോഗിച്ചിരുന്നു.
പരിശോധനയിൽ കുറവുകൾ കണ്ടെത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് നടപടിക്കു നീക്കം. നഴ്സിംഗ് കോളജിനോടു ചേർന്ന് കിടത്തിചികിത്സയ്ക്ക് സൗകര്യമുള്ള ആശുപത്രി വേണമെന്നു സർവകലാശാലയും നഴ്സിംഗ് കൗണ്‍സിലും നിഷ്കർഷിക്കുന്നുണ്ട്.
എന്നാൽ പല നഴ്സിംഗ് കോളജിനോടു ചേർന്നും രോഗികളെ കിടത്തിചികിത്സിക്കാനുള്ള സൗകര്യങ്ങളില്ല. സർവകലാശാല നിഷ്കർഷിക്കുന്നതിന്റെ 20 ശതമാനം പോലും രോഗികളെ കിടത്തിചികിത്സിക്കാൻ സൗകര്യമില്ലാത്ത നഴ്സിംഗ് കോളജുകളുടെ അംഗീകാരമാണ് പിൻവലിക്കുക. 20 മുതൽ 30 ശതമാനം വരെ രോഗികളെ കിടത്തിചികിത്സിക്കാൻ സൗകര്യമില്ലാത്ത നഴ്സിംഗ് കോളജുകളുടെ സീറ്റുകളും വെട്ടിക്കുറയ്ക്കും. അടുത്ത പ്രവേശന നടപടിക്കുമുന്പേ ഇതു നടപ്പിലാക്കാനാണ് സർവകലാശാലയുടെ നീക്കം.