ഗാന്ധിനഗർ: മെഡിക്കൽ കോളജ് സ്റ്റാഫ് നഴ്സ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥിനികൾ വൈദ്യുതി ഉപയോഗിക്കുന്നതിന്റെ പേരിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതായി പരാതി. നാലാം വർഷ ബിഫാം വിദ്യാർഥിനികളാണു ബുദ്ധിമുട്ടുന്നത്.
ബിഫാം വിദ്യാർഥികൾക്കു സ്വന്തമായി ഹോസ്റ്റൽ ഇല്ലാത്തതിനാൽ പെണ്‍കുട്ടികൾ സ്റ്റാഫ് നഴ്സിന്റെ ഹോസ്റ്റലിലും ആണ്‍കുട്ടികൾ എംബിബിഎസ് വിദ്യാർഥികളുടെ ഹോസ്റ്റലിലുമാണു താമസിക്കുന്നത്. നാലാം വർഷ വിദ്യാർഥികൾക്കു 20–ാംതീയതിയാണു പരീക്ഷ ആരംഭിക്കുന്നത്.
അതിനാൽ രാത്രികാലങ്ങളിൽ വിദ്യാർഥികൾ ഏറെ നേരമിരുന്ന് പഠിക്കാറുണ്ട്. ഇങ്ങനെ പഠിക്കാൻ വൈദ്യുതി ഉപയോഗിക്കുന്നതിനാണു ഹോസ്റ്റൽ അധികൃതർ സമ്മതിക്കാത്തത്. ഹോസ്റ്റലിൽ നിന്നും പഠിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായതോടെ നിരവധി വിദ്യാർഥിനികൾ ഹോസ്റ്റലിൽ താമസം മാറ്റിക്കഴിഞ്ഞു.
ഇപ്പോൾ ഒരു വിദ്യാർഥി ഒരുമാസം വെള്ളം, വൈദ്യുതി എന്നിവയ്ക്കായി 150 രൂപയാണു നല്‍കുന്നത്. കഴിഞ്ഞ മാസം നാലാം വർഷ വിദ്യാർഥികളിൽനിന്നും ഹോസ്റ്റൽ അധികൃതർ 160 രൂപവരെ അധിക ചാർജായി ഈടാക്കിയെന്നും പരാതിയുണ്ട്.
രാത്രി 10നുശേഷം ലൈറ്റ് ഉപയോഗിച്ചാൽ വീണ്ടും 10 രൂപകൂടി അഡീഷണലായി നല്‍കണമെന്നാണു നിർദേശം. പരീക്ഷ സമയത്ത് വിദ്യാർഥികൾക്കു പഠിക്കാനുള്ള അവസരം നിഷേധിക്കുന്ന അധികൃതരുടെ നടപടിക്കെതിരെ അധികൃതർക്കു പരാതി നല്കാൻ ഒരുങ്ങുകയാണു രക്ഷിതാക്കൾ.