ന്യൂഡൽഹി: രാജ്യത്തെ നഴ്സിംഗ് കോഴ്സുകളിൽ വിദേശഭാഷകൾ കൂടി പഠിപ്പിക്കാനുള്ള അവസരമൊരുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ബിഎസ്സി നഴ്സിംഗ്, ജനറൽ നഴ്സിംഗ്, മിഡ്വൈഫറി കോഴ്സുകളിൽ ജോലിസാധ്യത ഉയർത്തുന്ന തരത്തിൽ വിദേശഭാഷകൾ പഠിപ്പിക്കാനുള്ള അവസരം നൽകണമെന്ന് ഓഗസ്റ്റ് രണ്ടിന് പുറപ്പെടുവിച്ച സർക്കുലറിൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അറിയിച്ചു.
ജർമൻ, ഫ്രഞ്ച്, സ്പാനിഷ്, കൊറിയൻ, ഗ്രീക്ക്, ലാറ്റിൻ, ഐറിഷ്, പോർച്ചുഗീസ് തുടങ്ങിയ ഭാഷകൾ പ്രത്യേക ഭാഷാധ്യാപകരുടെ നേതൃത്വത്തിൽ പഠിപ്പിക്കണമെന്നും ഇതിനായുള്ള ചെലവ് അതത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഹിക്കണമെന്നും കൗൺസിൽ വ്യക്തമാക്കി.
എന്നാൽ ഇതിന് അമിത ഫീസ് വിദ്യാർഥികളിൽ നിന്ന് ഫീസ് ഈടാക്കരുതെന്നും കഴിയുമെങ്കിൽ സൗജന്യമായി പഠനാവസരം നൽകണമെന്നും കൗൺസിൽ അറിയിച്ചു.
വിദേശഭാഷകൾ പഠിക്കണമെന്ന് വിദ്യാർഥികളെ നിർബന്ധിക്കരുത്. റഗുലർ ക്ലാസിന്റെ സമയം കഴിഞ്ഞതിന് ശേഷമുള്ള സമയത്തോ ഇടവേളകളിലോ ആണ് ഭാഷാപഠനം നടത്തേണ്ടത്.
നഴ്സിംഗ് കോഴ്സുകളുടെ ക്രെഡിറ്റിനൊപ്പം ബിരുദ സർട്ടിഫിക്കറ്റിൽ വിദേശഭാഷകളിലെ പ്രാവീണ്യം തെളിയിക്കുന്ന ക്രെഡിറ്റുകളും രേഖപ്പെടുത്തണമെന്നും കൗൺസിൽ അറിയിച്ചു.