ചെന്നൈ: ചെന്നൈയിൽ കൊല്ലം സ്വദേശിയായ നഴ്സിംഗ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയശേഷം മൃതദേഹത്തിന്റെ ചിത്രം പെൺകുട്ടിയുടെ അച്ഛന് അയച്ചുകൊടുത്ത സംഭവത്തിൽ ആൺസുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം തെന്മല സ്വദേശിയായ ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്.
കുളത്തൂപ്പുഴ സ്വദേശിയായ ആഷിഖ് (21) ആണ് അറസ്റ്റിലായത്. ചെന്നൈയിലെ ഹോട്ടൽ മുറിയിൽ കഴുത്തുഞെരിച്ചായിരുന്നു ക്രൂരമായ കൊലപാതകം. ചെന്നൈയിലെ സ്വകാര്യ നഴ്സിംഗ് കോളജിൽ പഠിക്കുന്ന പെൺകുട്ടിയെ കാണാൻ ആഷിഖ് കഴിഞ്ഞ ദിവസം ചെന്നൈയിൽ എത്തുകയായിരുന്നു. കൊലയ്ക്കുശേഷം മൃതദേഹത്തിന്റെ ചിത്രം വാട്സാപ്പ് സ്റ്റാറ്റസ് ആക്കുകയും പെൺകുട്ടിയുടെ അച്ഛന് അയച്ചു കൊടുക്കുകയും ചെയ്തു.
“ചതിക്കുള്ള ശിക്ഷ’യെന്ന് പറഞ്ഞാണ് ചിത്രം അച്ഛന് അയച്ചുകൊടുത്തത്. അഞ്ചു വർഷം തനിക്കൊപ്പമുണ്ടായശേഷം ചതിച്ചതിന് സ്വന്തം കോടതിയിൽ ശിക്ഷ നടപ്പാക്കി എന്നാണ് പ്രതി വാട്സാപ്പ് സ്റ്റാറ്റസിൽ കുറിച്ചത്. കൊലപാതകത്തിനുശേഷം പ്രതി പോലീസിൽ കീഴടങ്ങുകയായിരുന്നു.
നാലു വർഷം മുമ്പ് ഇതേ പെൺകുട്ടിയെ ഉപദ്രവിച്ച കുറ്റത്തിന് പോക്സോ നിയമപ്രകാരം ആഷിഖ് തടവുശിക്ഷ അനുഭവിച്ചിരുന്നു. പിന്നീട് പരാതിയില്ലെന്നു ഫൗസിയ മൊഴി കൊടുത്തതോടെയാണ് ആഷിഖ് പുറത്തിറങ്ങിയത്. ഫൗസിയയെ വിവാഹം കഴിക്കാൻ തയാറെന്ന് ഇയാൾ അറിയിച്ചെങ്കലും ഫൗസിയയുടെ കുടുംബം സമ്മതിച്ചിരുന്നില്ലെന്നാണ് സൂചന.