പുന്നംപറന്പ്: നഴ്സിംഗ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാഴാനി വെള്ളാംകുണ്ടിൽ വീട്ടിൽ പരേതനായ രാധാകൃഷ്ണന്റെ മകൾ രന്യ (17) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
വിലപിടിപ്പുള്ള മൊബൈൽ ഫോണ്‍ വാങ്ങിച്ചുതരാൻ രന്യ ആവശ്യപ്പെട്ടതു അമ്മ മാലതി വിസമ്മതിച്ചതാണ് മരണകാരണമെന്നു പറയപ്പെടുന്നു. കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ വിജയിച്ച രന്യയെ നഴ്സിംഗ് പഠനത്തിനായി കോളജിൽ ചേർത്തിരുന്നു.
മകളുടെ ഉപരിപഠനത്തിനായി പിഎഫ് ലോണ്‍ എടുത്താണ് നഴ്സിംഗിന് അഡ്മിഷൻ വാങ്ങിയത്. സാധനങ്ങൾ വാങ്ങാൻ അമ്മ പുറത്തേക്കു പോയ സമയത്താണ് രന്യ തൂങ്ങിമരിച്ചത്.
നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വിരുപ്പാക്ക സഹകരണ സ്പിന്നിംഗ് മിൽ തൊഴിലാളിയായ മാലതിയാണ് അമ്മ. ഏക സഹോദരി മന്യ. ഇരുവരും ഇരട്ടക്കുട്ടികളാണ്.